News - 2025

പശ്ചിമേഷ്യയിലെ ക്രൈസ്തവരെ സഹായിക്കുവാന്‍ മുന്നില്‍ ഉണ്ടാകുമെന്ന് ഹംഗേറിയൻ പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ 15-10-2017 - Sunday

ബുഡാപെസ്റ്റ്: പശ്ചിമേഷ്യയിലെ ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ പുനരധിവാസം അടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കുവാന്‍ തന്റെ രാജ്യം എപ്പോഴും മുന്നിലുണ്ടാകുമെന്ന് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ പ്രഖ്യാപിച്ചു. ‘സെര്‍ച്ചിംഗ് ഫോര്‍ ആന്‍സേഴ്സ് റ്റു എ ലോംഗ് ഇഗ്നോര്‍ഡ് ക്രൈസിസ്’ എന്ന പേരില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന മതപീഡനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച അന്താരാഷ്‌ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹംഗറിയിലെ ഫിഡെസ്സ് പാര്‍ട്ടിയംഗം കൂടിയായ വിക്ടര്‍ ഒര്‍ബാന്‍.

ഇംഗ്ലണ്ടിലെ ഒരു കൂട്ടം ബുദ്ധിജീവികളും, രാഷ്ട്രീയ നേതാക്കളും സങ്കര സമൂഹം സൃഷ്ടിക്കുവാനുള്ള പുറപ്പാടിലാണ്. ഇത് യൂറോപ്പ്യന്‍ ഭൂഖണ്ഡത്തിന്റെ ക്രിസ്തീയതയേയും, സാസ്കാരികവും, വംശീയവുമായ അഖണ്ഡതയേയും നശിപ്പിക്കും. സിറിയയിലേയും, ഇറാഖിലേയും, നൈജീരിയയിലേയും ക്രിസ്ത്യാനികള്‍ നൂറുകണക്കിന് വര്‍ഷങ്ങളായി തങ്ങളുടെ പൂര്‍വ്വികര്‍ താമസിച്ചിരുന്ന സ്ഥലത്തു സുരക്ഷിതമായി തിരിച്ചെത്തണമെന്നാണ് ഹംഗറിക്കാരുടെ ആഗ്രഹം. ഇതിനായി തങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന് വിപരീതമായിട്ടാണ് ഹംഗറി ചെയ്യുന്നത്. പ്രാദേശിക ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുടെ ഉപദേശമനുസരിച്ചാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ അവസ്ഥയില്‍ അത് ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലേയും, ആഫ്രിക്കയിലേയും മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളെ സംരക്ഷിക്കുവാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ നേതാക്കള്‍ തയാറാകണമെന്നും ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനം തടഞ്ഞില്ലെങ്കില്‍ അത് യൂറോപ്പിലേക്ക് പടരുകയും യൂറോപ്പിന്റെ നാശത്തിന് കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കി.

യൂറോപ്യന്‍ സംഘടനകള്‍ ആഗോള തലത്തിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് വിക്ടര്‍ ഓര്‍ബാന്‍ നേരത്തെയും ആവശ്യപ്പെട്ടിരുന്നു. കിഴക്കൻ മേഖലയിലെ ക്രൈസ്തവരെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്ന രാജ്യമാണ് ഹംഗറി. ഇറാഖിലെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ ഉന്നമനത്തിനായി 145 ദശലക്ഷം ഫോറിന്റ്സിന്റെ ($ 5,25,000) സഹായമാണ് ഹംഗറി നേരത്തെ നല്‍കിയത്.


Related Articles »