News - 2025

പോളണ്ടിനെ അനുകരിച്ച് ഇറ്റലിയും: വിശ്വാസ നവീകരണത്തിന് ജപമാലയുമായി ഇറ്റാലിയന്‍ ജനത

സ്വന്തം ലേഖകന്‍ 17-10-2017 - Tuesday

റോം: ഫാത്തിമായില്‍ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ഇറ്റലിയിലെ കത്തോലിക്കാ വിശ്വാസികള്‍ രാജ്യമൊട്ടാകെ ഉപവാസവും ജപമാലയും നടത്തി. 'ഇറ്റാലിയന്‍ അസ്സോസിയേഷന്‍ അക്കമ്പനിയിംഗ് മരിയന്‍ സാങ്ങ്ച്വറീസ്' എന്ന സംഘടനയാണ് ‘റോസറി അറ്റ്‌ ദി ബോര്‍ഡര്‍’ എന്ന് പേരില്‍ പരിപാടി സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 7-ന് ‘റോസറി ഓൺ ദ ബോര്‍ഡര്‍’ എന്ന പേരോട് കൂടി ഏതാണ്ട് ഒരു ദശലക്ഷത്തോളം വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് പോളണ്ട് അതിര്‍ത്തിപ്രദേശങ്ങളിലൂടെ നടത്തിയ ജപമാല യജ്ഞത്തിന്റെ ചുവടുപിടിച്ചാണ് ഇറ്റലിയും വന്‍ ജപമാലയത്നം ആചരിച്ചത്.

ഇസ്ളാമിക ഭീകരതയില്‍ നിന്നും ഇറ്റലിയേയും യൂറോപ്പിനേയും രക്ഷിക്കുവാനും, വിശ്വാസ ജീവിതത്തില്‍ നിന്നും വ്യതിചലിച്ചു പോയവരെ നേര്‍വഴിയിലേക്ക് നയിക്കുവാനും ദൈവമാതാവിന്റെ മാദ്ധ്യസ്ഥം തേടുക എന്നതായിരുന്നു ഇറ്റലി സംഘടിപ്പിച്ച ജപമാല യജ്ഞത്തിന്റെ നിയോഗം. ജപമാലയില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ അതിനുമുന്‍പായി കുമ്പസാരിച്ച് ഒരുങ്ങിയതിന് ശേഷമേ വരാവൂയെന്ന്‍ സംഘടന വിശ്വാസികളോട് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.

“പോളണ്ടിലെ നമ്മുടെ സഹോദരന്‍മാര്‍ കാണിച്ചുതന്ന മനോഹരമായ മാതൃക അനുസരിച്ച് പരിശുദ്ധ മാതാവിന്റെ പ്രബോധനങ്ങളെ പിന്തുടരുക” എന്നാണ് പരിപാടിയെ സംഘാടനേതൃത്വം വിശേഷിപ്പിച്ചത്. തിന്മക്കെതിരെയുള്ള ശക്തമായ ഒരായുധമാണ്‌ ജപമാലയെന്ന കാര്യവും അവര്‍ ഓര്‍മ്മിപ്പിച്ചു. നേരത്തെ പോളണ്ടിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ നടത്തിയ കൂറ്റന്‍ ജപമാല യജ്ഞം മുസ്ലീം വിരോധത്തിന്റെ പ്രകടനമായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ ചിത്രീകരിച്ചുവെങ്കിലും സംഘാടകര്‍ അത്തരം ആരോപണങ്ങളെ തള്ളികളഞ്ഞിരിന്നു.


Related Articles »