News - 2024

ഇറാനിലെ ക്രൈസ്തവ മതപീഡനത്തെ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കണം: ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു

സ്വന്തം ലേഖകന്‍ 17-10-2017 - Tuesday

ജെറുസലേം: ഇറാനിലെ മുസ്ലീം ഭരണകൂടം ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് നേരെ നടത്തുന്ന മതപീഡനത്തിലേക്ക് മാധ്യമശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജെറുസലേമില്‍ വെച്ച് നടന്ന ആദ്യത്തെ ക്രിസ്ത്യന്‍ മാധ്യമ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേല്‍ ഗവണ്‍മെന്റ് മാധ്യമ വിഭാഗവും വിദേശകാര്യ മന്ത്രാലയവും, പ്രധാനമന്ത്രിയുടെ ഓഫീസും സംയുക്തമായാണ് ക്രൈസ്തവ മാധ്യമ ഉച്ചകോടി നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറോളം ക്രിസ്ത്യന്‍ മാധ്യമപ്രവര്‍ത്തകരും, പ്രഭാഷകരും ഉച്ചകോടിയില്‍ പങ്കെടുക്കുവാനെത്തിയിരുന്നു.

ഇറാനിലെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനങ്ങളെക്കുറിച്ച് വിവരിക്കേണ്ട സമയമായിരിക്കുന്നുവെന്നു നെതന്യാഹു പറഞ്ഞു. നിരപരാധികളായിട്ടും ജയിലില്‍ അടക്കപ്പെടുന്ന വൈദികരെക്കുറിച്ചും, ക്രൂരമായ പീഡനങ്ങള്‍ക്കിരയാവുന്ന ക്രിസ്ത്യന്‍ വിശ്വാസികളുടെ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവര്‍ജയിലിലടക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം സമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുര്‍ബാനക്കിടയില്‍ വീഞ്ഞ് കുടിക്കുന്നുവെന്ന് പറഞ്ഞ് ക്രിസ്ത്യാനികളെ ചാട്ടകൊണ്ടടിച്ച കാര്യം നിങ്ങള്‍ക്കറിയാമോ? മാധ്യമപ്രവര്‍ത്തകരോടായി നെതന്യാഹു ചോദിച്ചു.

ഇറാന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, നൂക്ലിയര്‍ ശക്തിയാകുവാനുള്ള ഇറാന്റെ ആഗ്രഹത്തെക്കുറിച്ചും പ്രധാനമന്ത്രി പ്രത്യേക പരാമര്‍ശം നടത്തി. 'ചില ലോകനേതാക്കള്‍ ഇത്തരം കാര്യങ്ങളെ അവഗണിച്ചുകൊണ്ട് ഇറാനെ സന്തോഷിപ്പിക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഞാന്‍ അത്തരക്കാരനല്ല'. ഇറാനിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ സ്വരം ഉയര്‍ത്തണം. വിപുലമായ നൂക്ലിയര്‍ ആയുധശേഖരമുണ്ടാക്കുകയും, പശ്ചിമേഷ്യയില്‍ ‘ഷിയാ’ ആധിപത്യം സ്ഥാപിക്കുകയുമാണ് ഇറാന്റെ ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു.


Related Articles »