News - 2025
ബെനഡിക്ടന്‍ സന്യാസിമാരുടെ ജീവിതചര്യയെക്കുറിച്ച് പരമ്പരയുമായി ബിബിസി
സ്വന്തം ലേഖകന്‍ 20-10-2017 - Friday
സ്ട്രാട്ടണ്‍-ഓണ്‍-ദി-ഫോസെ (ഇംഗ്ലണ്ട്): ബെനഡിക്ടന്‍ സന്യാസിമാരുടെ നിത്യജീവിത രീതികളെക്കുറിച്ചുള്ള ഹൃസ്വപരമ്പരയുമായി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബിബിസി). യുകെയിലെ ഡൌണ്‍സൈഡ്, ബെല്‍മോണ്ട്, പ്ലസ്‌കാര്‍ഡന്‍ എന്നീ ആശ്രമങ്ങളിലെ ബെനഡിക്ടന്‍ സന്യാസിമാരുടെ ജീവിത ശൈലിയും, അവരുടെ ആധ്യാത്മികജീവിതവും കേന്ദ്രീകരിച്ചാണ് പരമ്പര. 'Ora et Labora' (പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും) എന്ന ബെനഡിക്ടന്‍ സന്യാസിമാരുടെ ആപ്തവാക്യത്തെ കേന്ദ്രീകരിച്ച് ചിത്രീകരിച്ചിരിക്കുന്ന പരിപാടിക്ക് “റിട്രീറ്റ് : മെഡിറ്റേഷന്‍സ് ഫ്രം ദി മോണാസ്റ്റെറി” എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
മൂന്ന്‍ എപ്പിസോഡുകളിലായി പ്രക്ഷേപണം ചെയ്യുന്ന പരിപാടിയുടെ ആദ്യത്തെ എപ്പിസോഡ് ഒക്ടോബര്‍ 24-നായിരിക്കും സംപ്രേഷണം ചെയ്യുക. ഇംഗ്ലണ്ടിലെ സോമാര്‍സെറ്റിലെ ഡൌണ്‍സൈഡ് എന്ന ആശ്രമത്തിലെ 14 സന്യാസിമാരുടെ ദൈനംദിന പ്രവര്‍ത്തികളായിരിക്കും ആദ്യത്തെ എപ്പിസോഡില്‍ കാണിക്കുക. ഒരു വ്യാഖ്യാതാവിനെ കൂടാതെയാണ് പരമ്പര നിര്‍മ്മിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കടുത്ത സന്യാസവും, ആശ്രമജീവിതചര്യകളും പുലര്‍ത്തിവരുന്ന സന്യാസസമൂഹമാണ് ബെനഡിക്ടന്‍ സന്യാസിമാര്‍.
ബിബിസിയുടെ പരിപാടിയില്‍ ആശ്രമത്തിലെ സ്വാഭാവിക ശബ്ദങ്ങള്‍ മാത്രമായിരിക്കും പശ്ചാത്തലത്തില്‍ ഉണ്ടായിരിക്കുക. ബെനഡിക്ടന്‍ സന്യാസിമാരുടെ പ്രാര്‍ത്ഥനകള്‍, ഭക്ഷണരീതികള്‍, ആശ്രമത്തിലെ സ്വാഭാവിക ശബ്ദങ്ങള്‍, ജോര്‍ജ്ജിയന്‍ പ്രാര്‍ത്ഥനകള്‍ പൂന്തോട്ടം തുടങ്ങിയവ കാഴ്ചക്കാരെ സംബന്ധിച്ചിടത്തോളം പുതിയൊരനുഭവമായിരിക്കുമെന്നാണ് ചാനലിന്റെ വിലയിരുത്തല്‍. ടെലിവിഷന്‍ പരമ്പരക്ക് പുറമേ ഒക്ടോബര്‍ 23 മുതല്‍ 27 വരെ ഇന്റര്‍നെറ്റ് വഴിയുള്ള പ്രക്ഷേപണത്തിനും ബിബിസി റേഡിയോ 3 വഴിയായുള്ള പ്രചരണത്തിനും പദ്ധതിയുണ്ട്.
ഇംഗ്ലണ്ടിലെ പ്രധാന ബസലിക്കകളില്‍ ഒന്നായ ‘ബസലിക്ക ഓഫ് സെന്റ് ഗ്രിഗറി’ സ്ഥിതിചെയ്യുന്നത് ഡൌണ്‍സൈഡ് ആശ്രമത്തിലാണ്. 1606-ലാണ് ബ്രിട്ടീഷ് സന്യാസിമാര്‍ ‘ബെനഡിക്റ്റൈന്‍ കമ്മ്യൂണിറ്റി ഓഫ് സെന്റ് ഗ്രിഗറി ദി ഗ്രേറ്റ്’ സ്ഥാപിക്കുന്നത്. ബ്രിട്ടണില്‍ ആശ്രമജീവിതത്തിന് വിലക്കുണ്ടായിരുന്നതിനാല്‍ സ്പാനിഷ്-നെതര്‍ലന്‍ഡ്‌സ് പ്രദേശത്തെ ഡോവായിയിലായിരുന്നു സ്ഥാപനം. 1795-ലാണ് ഇവര്‍ക്ക് ഇംഗ്ലണ്ടില്‍ ശുശ്രൂഷകള്‍ ആരംഭിക്കുവാന്‍ ഔദ്യോഗിക അനുമതി ലഭിച്ചത്.