News - 2025
ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ ശക്തമായ വര്‍ദ്ധനവ്
സ്വന്തം ലേഖകന്‍ 21-10-2017 - Saturday
വത്തിക്കാൻ: ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ ശക്തമായ വര്‍ദ്ധനവെന്ന് പുതിയ റിപ്പോര്‍ട്ട്. ഫിഡ്സ് ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ നൂറ്റിമുപ്പത് കോടിയോളം കത്തോലിക്ക വിശ്വാസികളാണ് ഉള്ളത്. 2015ൽ മാത്രം ഒന്നേകാല്‍ കോടിയോളം പേര്‍ കത്തോലിക്ക വിശ്വാസികളായെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആഫ്രിക്കയിൽ 7.4 മില്യണും അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ 4.8 മില്യണും ഏഷ്യയിൽ 1.6 മില്യണും ഓഷ്യാനിയയില്‍ 1,20,000 വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. അതേസമയം യൂറോപ്പിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണം 1.3 മില്യണായി കുറഞ്ഞിട്ടുണ്ടെന്നതും ഫിഡ്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കത്തോലിക്ക വിശ്വാസികളുടെ നിരക്ക് ത്വരിതഗതിയിലാണെങ്കിലും ജനസംഖ്യാ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17.72 ശതമാനത്തോളം കുറവ് നിലനില്ക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ജനസംഖ്യയിലുള്ള ശക്തമായ വളർച്ചയാണ് അതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ഓഷ്യാനിയയില്‍ കത്തോലിക്ക വിശ്വാസികളുടെ വളർച്ചാ നിരക്ക് 0.24 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ യൂറോപ്പിൽ 0.21 ശതമാനവും കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോള മിഷൻ ഞായർ ദിനമായ ഒക്ടോബർ 22നോടനുബന്ധിച്ച് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയാണ് കണക്കെടുപ്പ് നടത്തിയത്.