News - 2025
പ്രോലൈഫ് മുന്നേറ്റം: അമേരിക്കയിലെ ഭ്രൂണഹത്യയില്‍ ഇരുപത്തിയഞ്ച് ശതമാനം കുറവ്
സ്വന്തം ലേഖകന്‍ 23-10-2017 - Monday
കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയുമായി അമേരിക്കയില്‍ നിന്നും പുതിയ പഠനഫലം. യുഎസ് ജേര്‍ണല്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം 2008 മുതല്‍ 2014 വരെയുള്ള ഭ്രൂണഹത്യകളുടെ കണക്കെടുത്തപ്പോള്‍ 25 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ പക്കലുള്ള വിവരങ്ങളും, ഗുട്ട്മാച്ചേര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 15നും 44നും ഇടക്ക് പ്രായമുള്ള 1000 സ്ത്രീകളില്‍ 2008-ല്‍ 19.4 ആയിരുന്ന അബോര്‍ഷന്‍ നിരക്ക് 2014 ആയപ്പോള്‍ 14.6 ആയി കുറഞ്ഞു.
2013ല്‍ 9,58,700ത്തോളം അബോര്‍ഷനുകള്‍ നടന്നപ്പോള്‍ 2014ല്‍ 926,200 അബോര്‍ഷനുകളായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2011-നും 2014-നും ഇടക്ക് ഗര്‍ഭഛിദ്ര നിരക്കില്‍ 14 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. 15 മുതല്‍ 19 പ്രായമുള്ള കൗമാരക്കാർക്കിടയിലാണ് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 46 ശതമാനം കുറവാണ് അവര്‍ക്കിടയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ പ്രസിഡന്റ് ഒബാമയുടെ കാലത്ത് ഒബാമകെയര്‍ എന്ന ആരോഗ്യരക്ഷാ പദ്ധതിയുടെ പേരില്‍ അബോര്‍ഷനെ പിന്താങ്ങിയിട്ടുപോലും ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഗര്‍ഭഛിദ്ര നിരക്കില്‍ ഉണ്ടായിരിക്കുന്ന കുറവ് പ്രോലൈഫ് സംഘടനകളുടെയും പ്രവര്‍ത്തകരുടെയും മുന്നേറ്റമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായിട്ടാണ് അമേരിക്കയിലെ ഭ്രൂണഹത്യാ നിരക്ക് 1 ദശലക്ഷത്തിനും താഴെയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2016-ല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്ക്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയിലെ ഭ്രൂണഹത്യകളുടെ എണ്ണത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.