News - 2024

കന്ധമാൽ ദുരന്തത്തിനിരയായ ക്രൈസ്തവര്‍ നീതിയ്ക്കായി അലയുന്നു

സ്വന്തം ലേഖകന്‍ 26-10-2017 - Thursday

ന്യൂഡൽഹി: കന്ധമാൽ ദുരന്തത്തിനിരയായ തങ്ങള്‍ക്ക് സുപ്രീംകോടതി പ്രഖ്യാപിച്ച നഷ്ട്ടപരിഹാര തുക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ വിശ്വാസികള്‍ വീണ്ടും അധികാരികളെ സമീപിക്കുന്നു. വിവിധ ക്രൈസ്തവ നേതാക്കന്മാരുടെ പിന്തുണയോടെ കുട്ടക്-ഭുവനേശ്വര്‍ അതിരൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജോൺ ബർവയുടെ നേതൃത്വത്തിലാണ് ഇരകള്‍ക്ക് നഷ്ട്ടപരിഹാര തുക എത്രയും പെട്ടെന്ന് നല്‍കണമെന്നു ആവശ്യപ്പെട്ട് കന്ധമാൽ കലക്ടര്‍ക്ക് നിവേദനം നൽകിയത്. 2016 ആഗസ്റ്റില്‍- കന്ധമാലില്‍ നടന്ന ആക്രമണത്തിനിരയായവർക്ക് നഷ്ട്ടപരിഹാരതുക അനുവദിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരിന്നു.

ഗവൺമെന്റ് തുക ജില്ലയിൽ എത്തിച്ചുവെങ്കിലും ഇതുവരെയും വിതരണം ആരംഭിച്ചിട്ടില്ലായെന്നു ആര്‍ച്ച് ബിഷപ്പ് ജോൺ ബർവ വെളിപ്പെടുത്തി. കന്ധമാൽ ജില്ലാ കളക്റ്റർ ഡ്രുൺഡ ഡിയ്ക്കാണ് നിവേദനം നൽകിയത്. സുപ്രീം കോടതി വിധി പ്രകാരം മരണമടഞ്ഞവർക്ക് മൂന്ന് ലക്ഷവും ഗുരുതര പരിക്കേറ്റവർക്ക് മുപ്പതിനായിരവും സാരമായി പരിക്കേറ്റവർക്ക് പതിനായിരവും ഭവനരഹിതർക്ക് എഴുപതിനായിരവുമാണ് തുക അനുവദിച്ചിരിക്കുന്നത്. അതേസമയം കന്ധമാൽ ആക്രമണത്തെ തുടർന്ന് റജിസ്റ്റർ ചെയ്ത 362 കേസ്സുകളിൽ 78 എണ്ണം മാത്രമാണ് വാദം പൂർത്തിയായിട്ടുള്ളത്.

സമാധാനം പുന:സ്ഥാപിക്കുക എന്നതാണ് ഒഡിഷ ഗവൺമെന്റിനോട് ക്രൈസ്തവരുടെ പ്രഥമ ആവശ്യമെന്ന്‍ ബിഷപ്പ് ബർവ പറഞ്ഞു. 2008 ലെ കലാപത്തിന് കാരണമായ സ്വാമി ലക്ഷ്മാനന്ദയുടെ വധവുമായി ബന്ധപ്പെട്ട് അന്യായമായി തടവിലാക്കിയ ഏഴു ക്രൈസ്തവരെ മോചിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എത്രയും വേഗം കേസുകൾ ഒത്തു തീർപ്പാക്കി കുടുംബത്തോടൊപ്പം ചേരാൻ അവർക്ക് സാധിക്കട്ടെയെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.

2008-ല്‍ ആണ് ലോക മനസ്സാക്ഷിയെ ഞെട്ടിച്ച് ഒഡീഷായിലെ കന്ധമാലില്‍ ക്രൈസ്തവ കൂട്ടക്കുരുതി നടന്നത്. ഹൈന്ദവ നേതാവായ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് അരങ്ങേറിയ ആക്രമണത്തില്‍ ഏതാണ്ട് 100ഓളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവര്‍ക്കെതിരെ വ്യാജാരോപണം നടത്തി ഭൂരിഭാഗം നിരക്ഷരരായ ഹിന്ദുജനതയെ ആര്‍‌എസ്‌എസ് -വി‌എച്ച്‌പി സംഘടനകള്‍ ആക്രമത്തിനു ആഹ്വാനം ചെയ്യുകയായിരിന്നു. ഇതിനേ തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ 300-ഓളം ക്രിസ്തീയ ദേവാലയങ്ങളും, 6000-ത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും, അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. ആക്രമത്തില്‍ 40 സ്ത്രീകളെയാണ് ബലാല്‍സംഘം ചെയ്തത്.


Related Articles »