News - 2025
സ്വര്‍ഗ്ഗത്തിലേക്കുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗം യേശു മാത്രമാണ്: പ്രശസ്ത ബേസ്ബോള്‍ താരം ക്ലേട്ടണ്‍ കെര്‍ഷാ
സ്വന്തം ലേഖകന്‍ 27-10-2017 - Friday
ലോസ് ആഞ്ചലസ്: സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിന് യേശുവല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് അമേരിക്കയിലെ പ്രൊഫഷണല്‍ ബേസ്ബോള്‍ ക്ലബ്ബായ എല്‍.എ. ഡോഡ്ജറിന്റെ എക്കാലത്തേയും മികച്ച കളിക്കാരനായ ക്ലേട്ടണ്‍ കെര്‍ഷാ. അസ്സോസിയേറ്റഡ് പ്രസ്സിനു നല്‍കിയ അഭിമുഖത്തിലാണ് കെര്‍ഷാ തന്റെ വിശ്വാസ സാക്ഷ്യം തുറന്നു പ്രകടിപ്പിച്ചത്. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് യേശുവിനെ പിന്തുടരുക എന്നതിന്റെ ശരിയായ അര്‍ത്ഥം താന്‍ മനസ്സിലാക്കുന്നതെന്നും, അന്നുമുതല്‍ വിശ്വാസത്തോട് അടുത്തുനില്‍ക്കുവാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ ആരേയും പരിവര്‍ത്തനം നടത്തേണ്ടതില്ല, അത് ദൈവത്തിന്റെ ജോലിയാണ്. എന്നാല്‍ നിങ്ങള്‍ക്ക് ദൈവത്തിന്റെ സാക്ഷ്യമായി അവനുവേണ്ടി ജീവിക്കുവാന്‍ കഴിയും. എന്തുകൊണ്ടാണ് നിങ്ങള്‍ ദൈവത്തിനു വേണ്ടി ജീവിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍, നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസ സാക്ഷ്യം നല്‍കുവാനും സാധിക്കും. ബേസ്ബോളിലെ തന്റെ കഴിവ് ദൈവത്തിന്റെ സമ്മാനമാണെന്നും, അതിനുതക്ക യോഗ്യത തനിക്കില്ലെന്നും ദൈവമാണ് അത് നിയന്ത്രിക്കുന്നതെന്നും കെര്‍ഷാ കൂട്ടിച്ചേര്‍ത്തു.
ഇടംകയ്യന്‍ പിച്ചറായ കെര്‍ഷാ 2008 മുതലാണ് അമേരിക്കയിലെ മുഖ്യ ലീഗുകളില്‍ കളിച്ചു തുടങ്ങിയത്. എംഎല്‍ബിയുടെ ഏറ്റവും നല്ല പിച്ചറായിട്ടാണ് കെര്‍ഷായെ കായിക ലോകം വിലയിരുത്തുന്നത്. നിരവധി അവാര്‍ഡുകള്‍ കെര്‍ഷായേ തേടിയെത്തിയിട്ടുണ്ട്. ഏറ്റവുമധികം പ്രതിഫലം പറ്റുന്ന മേജര്‍ ലീഗ് ബേസ്ബോള്‍ കളിക്കാരില്‍ ഒരാള്‍ കൂടിയാണ് കെര്‍ഷാ.
ഡാളസ്, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ലോസ് ഏഞ്ചല്‍സ്, സാംബിയ എന്നിവിടങ്ങളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി ‘കെര്‍ഷാ ചലഞ്ച്’ എന്ന പേരില്‍ ക്രിസ്തു കേന്ദ്രീകൃതമായ ഒരു കാരുണ്യ പ്രവര്‍ത്തനവും കെര്‍ഷാ നടത്തുന്നുണ്ട്. താന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദൈവത്തിന്‍റെ പദ്ധതിയാണെന്നാണ് കെര്‍ഷാ സാക്ഷ്യപ്പെടുത്തുന്നത്.