News - 2025
കത്തോലിക്ക സഭയുമായി സൗഹാർദ്ദം സ്ഥാപിക്കുവാൻ ഫിലിപ്പീൻസ് പ്രസിഡന്‍റ്
സ്വന്തം ലേഖകന്‍ 25-10-2017 - Wednesday
മനില: മയക്കുമരുന്നു വേട്ടയുടെ പേരില്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായി രംഗത്തു വന്ന കത്തോലിക്ക സഭയുമായി സൗഹാർദ്ദം സ്ഥാപിക്കുവാൻ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ ശ്രമം. ഇതിനെ ശരിവെച്ചുകൊണ്ടാണ് അദ്ദേഹം കഴിഞ്ഞ ദിവസം ശ്രദ്ധേയമായ പ്രസ്താവന നടത്തിയത്. കത്തോലിക്ക വൈദികരുമായി ഒരു വർഷത്തോളം നടത്തിയ സമ്പർക്കത്തിൽ നിന്നും സഭയുമായി സൗഹാർദം സ്ഥാപിക്കാൻ തീരുമാനിച്ചതായി റോഡ്രിഗോ വെളിപ്പെടുത്തി.
കഴിഞ്ഞ 18നു അന്തരിച്ച സെബു അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ വിഡാലിന് അന്തിമോപചാരം അർപ്പിക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. സെബുവിലെ ജനതയെ ആത്മീയമായി നയിച്ച കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ സ്തുത്യർഹ സേവനമാണ് നടത്തിയതെന്നും പ്രസിഡന്റ് പറഞ്ഞു. 2015-ല്‍ ഫിലിപ്പീന്‍സില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തിയപ്പോള്‍ മോശം പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തില്‍ അകപ്പെട്ട ആളായിരിന്നു റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്.
രാജ്യത്തെ പ്രസിഡന്റിനോടുള്ള വിയോജിപ്പ് പലപ്പോഴും സഭ പരസ്യമായി തുറന്നു പറഞ്ഞിട്ടുണ്ട്. മയക്കുമരുന്നു വേട്ടയുടെ പേരില്‍ ആളുകളെ കൊന്നു തള്ളുന്ന ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ നടപടിക്കെതിരെ കത്തോലിക്ക സഭ ശക്തമായി രംഗത്തു വന്നിരുന്നു. എന്നാൽ ഡ്യൂട്ടേര്‍ട്ടു വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണെന്നും സഭാംഗങ്ങളെന്ന നിലയിൽ പ്രസിഡന്റിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അന്തരിച്ച കർദ്ദിനാൾ റിക്കാര്‍ഡോ നേരത്തെ ആഹ്വാനം ചെയ്തിരിന്നു.
പ്രഥമ പൗരൻ എന്ന നിലയിൽ അദ്ദേഹത്തെ അംഗീകരിച്ച് സഹകരിക്കുകയാണ് വേണ്ടതെന്ന് ഫെബ്രുവരിയിൽ കർദ്ദിനാൾ വിശ്വാസികളോട് ആവശ്യപ്പെട്ടിരിന്നു. കത്തോലിക്കരെന്ന നിലയിൽ ദൈവം നൽകിയ ജീവിതത്തെ സ്നേഹിക്കണമെന്നും സഭയും ഭരണകൂടവും യോജിച്ചു പോകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. അതേസമയം പ്രസിഡന്‍റിന്റെ പുതിയ പ്രസ്താവനയോട് സഭാധികാരികൾ പ്രതികരിച്ചിട്ടില്ല.