News - 2025
യൂറോപ്പില്‍ നടക്കുന്ന അധിനിവേശത്തിന് മുന്നറിയിപ്പുമായി കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ
സ്വന്തം ലേഖകന്‍ 25-10-2017 - Wednesday
വാര്‍സോ: രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാല്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടവരേയും, ഉന്നത ജീവിത സാഹചര്യങ്ങള്‍ക്ക് വേണ്ടി കുടിയേറി പാര്‍ക്കുന്നവരേയും തമ്മില്‍ തിരിച്ചറിയുന്നതിനുള്ള അവകാശം എല്ലാ രാഷ്ട്രങ്ങള്‍ക്കുമുണ്ടെന്ന് വത്തിക്കാനിലെ ആരാധനക്രമ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. ഇക്കഴിഞ്ഞ ഞായറാഴ്ച പോളണ്ടില്‍ വെച്ച് നടന്ന യൂറോപ്പ ക്രിസ്റ്റി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്യന്‍ യൂണിയന്‍ അതിന്റെ ക്രിസ്തീയ വേരുകളെ മറന്നുകൊണ്ട് ഇപ്പോള്‍ ഒരു സ്വതന്ത്ര കമ്പോളമായി മാറിയിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ചില തല്‍പ്പരകക്ഷികള്‍ അടിച്ചേല്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റ പുനരധിവാസ നയങ്ങള്‍ നിഷേധിക്കുവാനുള്ള അവകാശം ഓരോ രാഷ്ട്രത്തിനുമുണ്ട്. എല്ലാ കുടിയേറ്റക്കാരും മനുഷ്യജീവികളും ബഹുമാനിക്കപ്പെടേണ്ടവരുമാണ്, എന്നാല്‍ വ്യത്യസ്ത സംസ്കാരത്തിലും മതത്തിലുമുള്ള കുടിയേറ്റക്കാര്‍ രാഷ്ട്രത്തിന്റെ പുരോഗതിക്ക് ദോഷം ചെയ്യുമെന്നും ആഫ്രിക്കയിലെ ഗിനിയ സ്വദേശിയായ കര്‍ദ്ദിനാള്‍ സാറ പറഞ്ഞു.
സ്വന്തം നാടുവിടേണ്ടി വരുന്ന അഭയാര്‍ത്ഥികളേയും, കുടിയേറിപ്പാര്‍ക്കുന്ന രാജ്യത്തിന്‍റെ സംസ്കാരം സ്വീകരിക്കാതെ സാമ്പത്തിക ഉന്നതി മാത്രം മുന്നില്‍കാണുന്ന കുടിയേറ്റക്കാരേയും വേര്‍തിരിക്കുന്നതിനുള്ള രാഷ്ട്രത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യേണ്ട കാര്യം ലോകനേതാക്കള്‍ക്കില്ലെന്ന കാര്യം കര്‍ദ്ദിനാള്‍ ചൂണ്ടിക്കാണിച്ചു. രാജ്യങ്ങളുടെ ഭൂപ്രകൃതിയനുസരിച്ചുള്ള അതിരുകളേയും സംസ്കാരങ്ങളേയും ഇല്ലാതാക്കിക്കൊണ്ട് സ്വതന്ത്ര വ്യക്തിമഹാത്മവാദത്തിന്റെ ഫലമായി ഉണ്ടാകുവാന്‍ പോകുന്ന മുന്നേറ്റത്തില്‍ ഉല്‍പ്പാദനത്തിനും ഉപഭോഗത്തിനും മാത്രമായിരിക്കും പ്രസക്തി.
മതനിരപേക്ഷതയെന്ന ഭീഷണിയെക്കുറിച്ചും കര്‍ദ്ദിനാള്‍ തന്റെ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കി. “ദൈവം മരിച്ചു, നമ്മള്‍ അവനെ കൊന്നു” എന്ന ഫ്രെഡറിക്ക് നീഷേയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് യൂറോപ്പ് ഒരു സാംസ്കാരിക അപചയത്തിലേക്ക് ആണ് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. സോവിയറ്റ് യൂണിയന്റെ പതനം ചില രാഷ്ട്രങ്ങള്‍ക്ക് സ്വാതന്ത്ര്യവും ജനാധിപത്യവും സമ്മാനിച്ചുകൊണ്ട് പുതിയൊരു യുഗം യൂറോപ്പില്‍ ആരംഭിച്ചുവെങ്കിലും, അവിശ്വാസത്തിലേക്കും നിഷേധാത്മകതയിലേക്കുമാണ് ഇപ്പോള്‍ യൂറോപ്പ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.