India - 2024

സിസ്റ്റര്‍ ഡോ. മേരി മര്‍സലീയൂസിനു ഇന്ന് വിട

സ്വന്തം ലേഖകന്‍ 18-11-2017 - Saturday

കിടങ്ങൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച സിസ്റ്റര്‍ ഡോ. മേരി മര്‍സലീയൂസിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു വിശുദ്ധ കുര്‍ബാനയോടെയാണ് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുക. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ലിറ്റില്‍ ലൂര്‍ദ് മഠം സെമിത്തേരിയില്‍ ആണ് മൃതദേഹം സംസ്‌കരിക്കുക. ഇന്നലെ വൈകുന്നേരം ആറിനു കിടങ്ങൂര്‍ സായുജ്യ മഠത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു.

സീറോ മലബാര്‍ സഭാ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടും ചീഫ് ഗൈനക്കോളജിസ്റ്റുമായിരുന്ന സിസ്റ്റര്‍ സിസ്റ്റര്‍ ഡോ. മര്‍സലിയൂസ് വ്യാഴാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. അപകടത്തെ തുടര്‍ന്ന് ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സന്യാസിനിയായിരുന്നിട്ടും കർമം കൊണ്ടു പതിനായിരങ്ങളുടെ അമ്മയായി മാറിയ ഡോക്ടറായിരുന്നു സിസ്റ്റർ മേരി. കുട്ടികളില്ലാത്ത നൂറുകണക്കിനു ദമ്പതികൾക്കാണു സിസ്റ്റർ പുതു പ്രതീക്ഷ പകര്‍ന്നത്.


Related Articles »