India - 2025
പാവപ്പെട്ടവരോടുള്ള പരിഗണന ദിനാചരണത്തില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്നു മാര്‍ എടയന്ത്രത്ത്
സ്വന്തം ലേഖകന്‍ 20-11-2017 - Monday
കൊച്ചി: പാവപ്പെട്ടവരോടുള്ള സവിശേഷ പരിഗണന ഒരു ദിനാചരണത്തില്‍ ഒതുങ്ങി നില്‌ക്കേണ്ടതല്ലെന്നും എല്ലാ ദിവസവും തുടരേണ്ടതാണെന്നും കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ കൂവപ്പടി ബത്‌ലഹേം അഭയഭവനില്‍വച്ച് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച 'ദരിദ്രര്‍ക്കായുള്ള പ്രഥമ ലോകദിനാചരണം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരോടുള്ള പരിഗണന യഥാര്‍ത്ഥ ക്രിസ്തീയ സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കാരുണ്യവര്‍ഷത്തിന്റെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പായാണ് നവംബര്‍ 19 ദരിദ്രര്‍ക്കായുള്ള ലോകദിനമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്തത്. ബത്‌ലഹേം അഭയഭവന്‍ സ്ഥാപക ഡയറക്ടര്‍ മേരി എസ്തപ്പാന്‍ സംസ്ഥാനതല ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി. കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടര്‍ റവ.ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു.
കെസിബിസി പ്രൊലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ട്രഷറര്‍ ജയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സലസ്റ്റിന്‍ ജോണ്‍, മേരി ഫ്രാന്‍സിസ്‌ക, ഷൈനി തോമസ്, ബത്‌ലഹേം അഭയഭവന്‍ രക്ഷാധികാരി റവ.ഫാ. ജോര്‍ജ്ജ് പുത്തന്‍പുര, സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ജോസഫ് വട്ടോളി, മുന്‍ ലോട്ടറി വികസന ചെയര്‍മാന്‍ ബാബു ജോസഫ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ്ജ്, കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോള്‍ തങ്കപ്പന്‍ സി.എസ്.സി കോണ്‍വന്റ് തോട്ടുവ മദര്‍ ജിസ എന്നിവര്‍ പങ്കെടുത്തു.
