India - 2024
ഫാ. ടോം ഉഴുന്നാലില്‍ ദൈവത്തിന്റെ ദാനം: പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ
സ്വന്തം ലേഖകന്‍ 24-11-2017 - Friday
കോട്ടയം: ഫാ. ടോം ഉഴുന്നാലില്‍ ദൈവത്തിന്റെ ദാനമാണെന്നു ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിലിനു കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്ക ബാവ.
ത്യാഗത്തിലൂടെ മാത്രമേ മഹത്വമുണ്ടാകുകയുള്ളുവെന്നും മനോധൈര്യം കൈവിടാതെ ആത്മവിശ്വാസത്തിലൂടെ പ്രതിസന്ധികളെ അതിജീവിച്ചതിലൂടെയാണ് ടോമച്ചന്‍ നമ്മുടെ എല്ലാം പ്രിയപ്പെട്ടവനായി മാറിയതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
പൗരാവലിയുടെ മംഗളപത്രം കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍.സോന ഫാ. ടോമിനു സമ്മാനിച്ചു. നിങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് എന്നെ തട്ടിക്കൊണ്ടുപോയവര്‍ ഉപദ്രവങ്ങളൊന്നും ഏല്‍പ്പിക്കാതെ എന്നെ മോചിപ്പിക്കാന്‍ അവരുടെ മനസില്‍ തോന്നലുണ്ടാക്കിയതെന്ന് ഫാ. ടോം ഉഴുന്നാലില്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഡോ. ജെ. പ്രമീളാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, കോട്ടയം സേട്ട് പള്ളി ഇമാം സാദിഖ് മൗലവി, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം വി.ബി. ബിനു, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്, സിഎംഐ സെന്റ് ജോസഫ് പ്രൊവിന്‍സ് കോര്‍പറേറ്റ് മാനേജര്‍ ഫാ.സാബു കൂടപ്പാട്ട് സിഎംഐ, സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍സ് റെക്ടര്‍ ഫാ. ജോര്‍ജ് മുട്ടത്തുപറന്പില്‍ എസ്ഡിബി തുടങ്ങീ നിരവധിപേര്‍ പ്രസംഗിച്ചു.
വിശിഷ്ടാതിഥികളെ സ്വീകരിക്കുവാനായി അണിനിരന്ന മണ്ണയ്ക്കനാട് ഒഎല്‍സി ബധിര വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ ബാന്‍ഡ് ടീം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസ്, ഒഎല്‍സി ബധിര വിദ്യാലയം പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിന്‍സി മാത്യു തുടങ്ങി നിരവധി സ്ഥാപനങ്ങളും സംഘടനകളും ഫാ.ടോമിനെ പൊന്നാടയും ബൊക്കെയും നല്‍കി ആദരിച്ചു.