News - 2025
യുക്രൈന്‍ സഭയുടെ ദേവാലയം ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും
സ്വന്തം ലേഖകന്‍ 13-01-2018 - Saturday
വത്തിക്കാന്‍ സിറ്റി: റോമില്‍ വസിക്കുന്ന ബൈസന്‍റൈന്‍ റീത്തിലുള്ള യുക്രൈന്‍ വിശ്വാസികള്‍ക്കായി സ്ഥാപിച്ചിരിക്കുന്ന ദേവാലയം ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. യുക്രൈന്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാത്തോസ്ലാവ് ഷെവ്ചുക് നല്‍കിയ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് മാര്‍പാപ്പ റോമിലെ, സാന്താ സോഫിയ ബസിലിക്ക ദേവാലയം സന്ദര്‍ശിക്കുക. ജനുവരി 28-ാം തീയതി ഞായറാഴ്ച സന്ദര്‍ശനം നടക്കുമെന്ന കാര്യം വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ ഡയറക്ടര്‍ ഗ്രെഗ് ബര്‍ക്കാണ് മാധ്യമങ്ങളെ അറിയിച്ചത്.
1968-ല്‍ നിര്‍മിച്ച സാന്താ സോഫിയ ദേവാലയം സുവര്‍ണ ജൂബിലി ഈ വര്‍ഷം ആചരിക്കുവാനിരിക്കെയാണ് പാപ്പയുടെ സന്ദര്‍ശനം. 1998-ല്‍ ആണ് ദേവാലയം ബസിലിക്ക പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. ഇറ്റലിയില്‍ മാത്രം 17000ത്തോളം ബൈസന്‍റൈന്‍ വിശ്വാസികളാണ് ഓരോ ഞായറാഴ്ചയും തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നത്. 145 കമ്മ്യൂണിറ്റികളില്‍ ആയി 62 വൈദികര്‍ യുക്രൈന്‍ സഭയ്ക്ക് വേണ്ടി ഇറ്റലിയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
രാഷ്ട്രീയ അരാജകത്വവും കിഴക്കൻ മേഖലയിലെ റഷ്യൻ അധിനിവേശവും മൂലം പതിനായിരകണക്കിന് ജനങ്ങൾ പലായനം ചെയ്ത സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് പാപ്പയുടെ സന്ദര്‍ശനത്തെ വിശ്വാസികള്‍ നോക്കി കാണുന്നത്. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന യുക്രൈന് മാർപാപ്പയുടെ നേതൃത്വത്തിൽ യൂറോപ്യൻ ഇടവകകളിൽ നിന്നും സമാഹരിച്ച അറുപത് ലക്ഷം യൂറോ നേരത്തെ പുനരുദ്ധാരണത്തിനായി ലഭ്യമാക്കിയിരിന്നു.