News

36000 അടി ഉയരത്തില്‍ മാര്‍പാപ്പയുടെ ആശീര്‍വാദത്തോടെ വിവാഹം

സ്വന്തം ലേഖകന്‍ 19-01-2018 - Friday

സാന്‍റിയാഗോ: 36000 അടി ഉയരത്തില്‍ മാര്‍പാപ്പയുടെ ആശീര്‍വാദത്തോടെ വിമാനത്തില്‍ വിവാഹം നടന്നപ്പോള്‍ അത് ചരിത്രമായി. വിമാനത്തിനുള്ളിലെ ജീവനക്കാരുടെ വിവാഹം ആശിര്‍വദിച്ചാണ്‌ ഇത്തവണ ഫ്രാന്‍സിസ്‌ പാപ്പ ശ്രദ്ധ പിടിച്ച് പറ്റിയത്. ചിലിയില്‍ സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പ സാന്‍റയാഗോയില്‍നിന്നു വടക്കന്‍ നഗരമായ ഇക്വിക്കിലേക്കുള്ള വിമാന യാത്രയ്‌ക്കിടെയാണ് ജീവനക്കാരെ പരിചയപ്പെട്ടത്. കരുണയുടെ തോഴന്‍ എന്നറിയപ്പെടുന്ന പാപ്പയോട്‌ കാര്‍ലോസ്‌ എല്‍ഗോറ എന്ന നാല്‍പ്പത്തിയൊന്നുകാരനും ഭാര്യ പൗള റുയിയും തങ്ങളുടെ ആഗ്രഹം പാപ്പയ്ക്കു മുന്നില്‍ അഭ്യര്‍ത്ഥിക്കുകയായിരിന്നു.

2010-ല്‍ ചിലിയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നു തങ്ങളുടെ ദേവാലയം തകര്‍ന്നുവെന്നും അതിനാല്‍ വിവാഹം പള്ളിയില്‍ നടത്താന്‍ സാധിച്ചില്ലെന്നും പറഞ്ഞ ഇവര്‍ മാര്‍പാപ്പ തങ്ങളെ അനുഗ്രഹിക്കണമെന്ന്‌ അഭ്യര്‍ഥിച്ചു. തുടര്‍ന്നു പാപ്പയുടെ ആശീര്‍വ്വാദത്തോടെ വിമാനം വിവാഹവേദിയായി പരിണമിക്കുകയായിരിന്നു.

മാധ്യമ പ്രവര്‍ത്തകരും വിമാന ജീവനക്കാരും ഇതിന് സാക്ഷികളായി. ചിലിയന്‍ ബിഷപ്പാണ്‌ സാക്ഷിയായി ഒപ്പു ചാര്‍ത്തിയത്‌. നടന്നതെല്ലാം നിയമപരമായിരുന്നുവെന്നു വത്തിക്കാന്റെ ഔദ്യോഗിക പ്രസ്താവനയും അധികം വൈകാതെ പുറത്തിറങ്ങി.


Related Articles »