News

ക്രൈസ്തവരുടെ ചുടുചോര വീണ കന്ധമാലില്‍ അഞ്ഞൂറിലധികം പേര്‍ സ്ഥൈര്യലേപനം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 24-01-2018 - Wednesday

കന്ധമാല്‍: മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടു ഹൈന്ദവ വർഗ്ഗീയവാദികൾ ക്രൈസ്തവ നരഹത്യ നടത്തിയ ഒഡീഷയിലെ കന്ധമാലില്‍ നിന്നും വീണ്ടും വിശ്വാസ സാക്ഷ്യം. കഴിഞ്ഞ ആഴ്ച കന്ധമാല്‍ ജില്ലയിലെ മൂന്നു ദേവാലയങ്ങളിലായി അഞ്ഞൂറിലധികം പേരാണ് സ്ഥൈര്യലേപനം സ്വീകരിച്ച് ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞത്. ജനുവരി 18നു പൊബിന്‍ഗീയയിലെ വിശുദ്ധ പീറ്ററിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ ഇരുനൂറോളം യുവജനങ്ങളാണ് സ്ഥൈര്യലേപനം സ്വീകരിച്ചത്. തിരുക്കര്‍മ്മങ്ങള്‍ക്ക് കട്ടക്ക് - ഭൂവനേശ്വർ ആർച്ച് ബിഷപ്പ് മോൺ.ജോൺ ബർവ കാർമ്മികത്വം വഹിച്ചു.

ജനുവരി ഇരുപതിന് വി.സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് സാരാമുളിയിലെ ദേവാലയത്തില്‍ 88 യുവജനങ്ങൾ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു. മൂവായിരത്തോളം വരുന്ന വിശ്വാസികളെ സാക്ഷിയാക്കിയാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. വിശ്വാസത്തിനായി ജീവത്യാഗം ചെയ്ത വിശുദ്ധനെപ്പോലെ യേശു ക്രിസ്തുവിന്റെ ധീരരക്തസാക്ഷികളാകാൻ പരിശ്രമിക്കണമെന്നും പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറഞ്ഞ് ക്രൈസ്തവ ജീവിതത്തിന്റെ യഥാര്‍ത്ഥ മാതൃക കാഴ്ചവെയ്ക്കണമെന്നും മോൺ.ബർവ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

നാല് വൈദികരും മൂന്ന്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി അംഗങ്ങളും തിരുക്കര്‍മ്മത്തില്‍ സന്നിഹിതരായിരിന്നു. ജനുവരി 21ന് ഗോദപുർ സെന്‍റ് ജോസഫ് ദേവാലയത്തിൽ നടന്ന മറ്റൊരു തിരുക്കര്‍മ്മത്തില്‍ 271പേരാണ് സ്ഥൈര്യലേപനം സ്വീകരിച്ചത്. നാലായിരത്തോളം വിശ്വാസികളെയും മൂന്നു വൈദികരെയും ഏഴോളം കന്യാസ്ത്രീകളെയും സാക്ഷിയാക്കി ബിഷപ്പ് ജോണ്‍ ബര്‍വ തന്നെയാണ് സ്ഥൈര്യലേപന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്.

2008 ആഗസ്റ്റ് 23-ല്‍ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് കന്ധമാലില്‍ അരങ്ങേറിയ ആക്രമണത്തില്‍ 100ഓളം ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ചിരിന്നു. തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ 300-ഓളം ക്രിസ്തീയ ദേവാലയങ്ങളും, 6000-ത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും ചെയ്തിരിന്നു. ക്രൈസ്തവരുടെ രക്തം വീണു കുതിര്‍ന്ന ഒഡീഷയിലെ കന്ധമാലിലെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുന്നു എന്നതിന്റെ തെളിവാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തിലുള്ള വളര്‍ച്ച.


Related Articles »