News - 2025

സത്യത്തെ വളച്ചൊടിക്കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം തുറന്നുകാട്ടണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 25-01-2018 - Thursday

വത്തിക്കാന്‍ സിറ്റി: സാമ്പത്തിക, രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനും ഭിന്നത വളര്‍ത്താനുമായി സത്യത്തെ വളച്ചൊടിച്ചു നിര്‍മ്മിക്കുന്ന വ്യാജവാര്‍ത്തകളുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ ജേര്‍ണലിസ്റ്റുകളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും മുന്നോട്ടുവരണമെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ആശയവിനിമയ ലോകത്തിന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാള്‍ ദിനമായ ഇന്നലെ, ലോക മാധ്യമദിനത്തോട് മുന്നോടിയായി പുറപ്പെടുവിച്ച സന്ദേശത്തിലാണ് പാപ്പയുടെ പ്രബോധനം.

“വ്യാജവാര്‍ത്തകളും സമാധാനത്തിനുള്ള മാധ്യമപ്രവര്‍ത്തനവും” എന്നതാണ് ഈ വര്‍ഷത്തെ പാപ്പയുടെ സന്ദേശത്തിന്റെ ഇതിവൃത്തം. ത്വരിതഗതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഇന്നിന്‍റെ ഡിജിറ്റല്‍ ലോകത്ത്, “വ്യാജവാര്‍ത്ത”യ്ക്ക് ഏറെ പ്രചാരം സിദ്ധിക്കുന്നുണ്ടെന്നും അതിനാലാണ് ഇത്തരമൊരു വിഷയം തിരഞ്ഞെടുത്തതെന്നും പാപ്പ കുറിച്ചു.

ആശയവിനിമയം ദൈവിക പദ്ധതിയുടെ ഭാഗമാണ്. അത് കൂട്ടായ്മയുടെ അനുഭവത്തിന് അനിവാര്യവുമാണ്. ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ നമുക്ക് അവിടുത്തെ യഥാര്‍ത്ഥമായ നന്മയും സത്യവും മനോഹാരിതയും പ്രതിഫലിപ്പിക്കാനാകും. സത്യം വളച്ചൊടിക്കാനുള്ള വ്യക്തികളുടെയും സമൂഹങ്ങളുടെയും കഴിവ് ഇന്ന് രോഗസൂചകമാണ്. എന്നാല്‍ മറുഭാഗത്ത് നാം ദൈവികപദ്ധതിയോടു വിശ്വസ്തതയുള്ളവരായാല്‍ ആശയവിനിമയം സത്യത്തിനും നന്മയ്ക്കുമായുള്ള ഫലവത്തായ അന്വേഷണമായി മാറും.

ചിലരുടെ സാമ്പത്തിക, രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനും ഭിന്നത വളര്‍ത്താനുമായി സത്യത്തെ വളച്ചൊടിച്ചു നിര്‍മിക്കുന്ന ഇത്തരം വാര്‍ത്തകളുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ ജേര്‍ണലിസ്റ്റുകളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും മുന്നോട്ടുവരണം. വ്യാജവാര്‍ത്തകള്‍ അതിവേഗം പ്രചരിക്കുന്നു. ആധികാരികമായ നിഷേധ പ്രസ്താവനകള്‍ക്കു പോലും വ്യാജവാര്‍ത്തമൂലമുണ്ടാവുന്ന ദോഷം പരിഹരിക്കാനാവില്ല. പലരും തങ്ങളറിയാതെ തന്നെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ഗണത്തില്‍ അണിചേരുന്നു. തന്‍റെ മുന്‍ഗാമികള്‍ കാലാകാലങ്ങളില്‍ പ്രബോധിപ്പിച്ചൊരു വിഷയത്തിലേയ്ക്കാണ് താന്‍ തിരിച്ചുവരുന്നത്.

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ 1972-ലെ മാധ്യമദിനത്തിന് ഉപയോഗിച്ച സന്ദേശം “സമ്പര്‍ക്കമാധ്യമങ്ങള്‍ സത്യത്തിന്‍റെ സേവനത്തിന്” എന്ന വിഷയമായിരുന്നു. വ്യാജവാര്‍ത്തയുടെ പ്രചാരണത്തില്‍നിന്നും സത്യത്തിന്‍റെ പ്രയോക്തക്കളാകാനുള്ള മാധ്യമപ്രവര്‍ത്തനത്തിന്‍റെ അന്തസ്സും മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിഗത ഉത്തരവാദിത്ത്വവും വീണ്ടെടുക്കാനുള്ള കൂട്ടുത്തരവാദിത്വത്തില്‍ പങ്കുചേരാന്‍ പരിശ്രമിക്കാം എന്നും പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.


Related Articles »