News - 2025

വ്യാജ വാർത്തയ്ക്കെതിരെ നിയമ നടപടിയുമായി മാനന്തവാടി രൂപത

സ്വന്തം ലേഖകന്‍ 31-01-2018 - Wednesday

കല്‍പ്പറ്റ: മാനന്തവാടി രൂപതയെയും രൂപതാദ്ധ്യക്ഷനെയും അധിക്ഷേപിച്ചു കൊണ്ട് വ്യാജവാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ രൂപത ഒരുങ്ങുന്നു. "പ്രവാസി ശബ്ദം" എന്ന ഓണ്‍ലൈന്‍ മാധ്യമം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അടിസ്ഥാനരഹിതമായ വാര്‍ത്തയ്ക്ക് എതിരെയാണ് രൂപത നിയമ നടപടി സ്വീകരിക്കുന്നത്. ഇന്ന് ദ്വാരക പാസ്റ്ററല്‍ സെന്‍ററില്‍ കൂടിയ മാനന്തവാടി രൂപതയുടെ വൈദിക സമ്മേളനമാണ് നിയമപരമായ നടപടികൾ സ്വീകരിക്കാൻ രൂപതാ അധികാരികളോട് ആവശ്യപ്പെട്ടത്.

നാളെ പരാതി നല്കുമെന്ന് രൂപതാ വക്താവ് ഫാ. ജോസ് കൊച്ചറക്കല്‍ പറഞ്ഞു. ജനുവരി 30-ന് പ്രവാസിശബ്ദം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പത്തോളം വർഷങ്ങൾക്കു മുമ്പ് കാനോനിക സമിതികളിൽ ആലോചിച്ചും എല്ലാവിധ സുതാര്യതയോടും കൂടി രൂപത നടത്തിയ ഭൂമികച്ചവടത്തെയാണ് കുംഭകോണമായും സാമ്പത്തിക തിരിമറിയായും "പ്രവാസിശബ്ദം" അവതരിപ്പിച്ചിരിക്കുന്നത്. മാനന്തവാടി രൂപതക്കെതിരെ ഇത്തരത്തിൽ അപകീർത്തിപരമായ വാർത്തകൾ "പ്രവാസിശബ്ദം" നിരന്തരമായി നൽകാറുണ്ടെന്ന് വൈദിക സമിതി വിലയിരുത്തി.

ഈ സാഹചര്യത്തിലാണ് നടപടി. നുണചേര്‍ത്ത് അവതരിപ്പിക്കുന്ന ഇത്തരം വാർത്തകളെ വിശ്വാസികൾ മുഖവിലക്കെടുക്കരുതെന്നും കൂദാശകളെയും സഭാധികാരികളെയും ചോദ്യം ചെയ്തും അധിക്ഷേപിച്ചും ഉള്ള വ്യാജവാർത്തകളെ തള്ളിക്കളയണമെന്നും വൈദികസമ്മേളനം ആവശ്യപ്പെട്ടു. അതേസമയം തുടര്‍ന്നും സാമൂഹ്യമാധ്യമങ്ങളിലുണ്ടാകുന്ന വസ്തുതാവിരുദ്ധമായ വാര്‍ത്താപ്രചരണങ്ങളെ ഇതേരീതിയില്‍ കൈകാര്യം ചെയ്യണമെന്നും വൈദികസമ്മേളനത്തില്‍ ഏകകണ്ഠേന അഭിപ്രായമുയര്‍ന്നു.


Related Articles »