News
സിറിയയിലെ തകര്‍ന്ന ദേവാലയത്തില്‍ 6 വര്‍ഷങ്ങള്‍ക്ക് ശേഷം ബലിയര്‍പ്പണം
സ്വന്തം ലേഖകന്‍ 05-02-2018 - Monday
ഡമാസ്ക്കസ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളില്‍ നിന്നും സിറിയന്‍ സൈന്യം തിരിച്ചുപിടിച്ച ഡെയ്ര്‍ എസ്സോര്‍ നഗരത്തിലെ ദേവാലയത്തില്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ബലിയര്‍പ്പണവും പ്രാര്‍ത്ഥനാശുശ്രൂഷയും നടന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഡെയ്ര്‍ എസ്സോറിലെ ഭാഗികമായി തകര്‍ന്ന സെന്റ് മേരീസ് ദേവാലയത്തിലാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടത്തിയത്. ശുശ്രൂഷകള്‍ക്ക് സിറിയക് ഓര്‍ത്തഡോക്സ് സഭയുടെ അന്തോക്യന്‍ പാത്രിയാര്‍ക്കീസായ ഇഗ്നേഷ്യസ് അഫ്രേം രണ്ടാമന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഭാഗികമായി നശിപ്പിക്കപ്പെട്ട ദേവാലയത്തില്‍ വച്ച് ആരാധന നടത്തുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരുവികാരമാണ് ഉള്ളിലുള്ളതെന്നും, ഈ ദേവാലയം നമ്മുടെ മനസ്സുകള്‍ക്ക് ആശ്വാസം പകരുന്നതോടൊപ്പം, ഇവിടെനിന്നും പലായനം ചെയ്തവര്‍ തിരികെവരുമെന്നും, ദേവാലയം പുതുക്കിപണിയുന്നതില്‍ പങ്കാളികളാവുമെന്ന പ്രതീക്ഷയുടെ സന്ദേശവും നല്‍കുന്നുവെന്നും പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് അഫ്രേം രണ്ടാമന്‍ പറഞ്ഞു. വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ ഏതാനും ഇസ്ളാമിക വിശ്വാസികളും എത്തിയിരിന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആരാധനയും ബലിയര്‍പ്പണവും തന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ജീവിതത്തിന് തുല്യമാണെന്നു ശുശ്രൂഷകളില്‍ പങ്കെടുത്ത സാലി ക്വാസര്‍ എന്ന വിശ്വാസി പറഞ്ഞു. ഡെയ്ര്‍ എസ്സോര്‍ എപ്പോഴും മതസൗഹാര്‍ദ്ദമുള്ള ഒരു നഗരമായിരുന്നുവെന്നും, ക്രിസ്ത്യാനികളുടെ സാന്നിധ്യം എപ്പോഴും ഇവിടെ ഉണ്ടായിരുന്നുവെന്നും പലായനം ചെയ്യാതെ ഡെയ്ര്‍ എസ്സോറില്‍ തന്നെ പിടിച്ചുനിന്ന ഷാദി ടൂമ എന്ന യുവാവ് പറഞ്ഞു. 2014-ലാണ് ഡമാസ്കസിന്റെ വടക്ക്-കിഴക്ക് ഭാഗത്തുള്ള ഡെയ്ര്‍ എസ്സോര്‍ നഗരത്തില്‍ ഐഎസ് ആധിപത്യം സ്ഥാപിക്കുന്നത്.
2011-ല്‍ ഏതാണ്ട് 3000-ത്തോളം ക്രിസ്ത്യാനികള്‍ ഈ നഗരത്തിലുണ്ടായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ചുരുക്കം ആളുകളെ പ്രദേശത്തുള്ളൂ. ഐഎസിന്റെ ആക്രമണത്തോടെ നിരവധി പേര്‍ പലായനംചെയ്യുകയായിരിന്നു. പലായനം ചെയ്ത ആളുകള്‍ തിരികെ വന്നാല്‍ മാത്രമേ ഡെയ്ര്‍ എസ്സോര്‍ നഗരത്തിലെ ജനജീവിതം സാധാരണനിലയിലേക്ക് വരുകയുള്ളൂവെന്ന്‍ പ്രാദേശിക മെത്രാനായ മോറിസ് അംസീ അഭിപ്രായപ്പെട്ടു. അതേസമയം വൈദ്യുതിയുടേയും, വെള്ളത്തിന്റേയും അപര്യാപ്തത ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്. നഗരത്തിന്റെ പലപ്രദേശങ്ങളിലും ജനങ്ങള്‍ക്ക് താമസിക്കുവാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴും ഉള്ളത്.