News - 2025
തായ്‌വാനിലെ ഭൂചലനം; ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി
സ്വന്തം ലേഖകന്‍ 09-02-2018 - Friday
വത്തിക്കാന്‍ സിറ്റി: തായ്‌വാനിലെ തീരനഗരമായ ഹുവാലിയന് വടക്കുകിഴക്ക് ഉണ്ടായ ഭൂചലനത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് തന്‍റെ പ്രാര്‍ത്ഥന നേരുന്നതായി പാപ്പ അനുശോചന കുറിപ്പില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെയും സന്നദ്ധസേവകരെയും പാപ്പാ തന്റെ നന്ദി അറിയിച്ചു. ബുധനാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ വഴിയാണ് ഫ്രാന്‍സിസ് പാപ്പ തായ്‌വാന്‍ ദുരന്തത്തില്‍ തനിക്കുള്ള ദുഃഖവും അനുശോചനവും അറിയിച്ചത്.
6.4 റിക്ടര്‍ സ്കെയിലിലുണ്ടായ ഭൂമികുലുക്കത്തിന്‍റെ ഭീകരത ഇനിയും വിലയിരുത്തപ്പെട്ടിട്ടില്ല. 8 പേര്‍ മരിച്ചതായും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. ഭൂചലനത്തിൽ കിഴക്കൻ തീരത്തുള്ള ആഡംബര ഹോട്ടൽ നിലംപൊത്തിയിരിന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നടന്നു കൊണ്ടിരിക്കുന്ന ഭൂകമ്പത്തിന്റെ തുടർച്ചയായാണ് ചൊവ്വാഴ്‌ചയും ഭൂചലനമുണ്ടായതെന്ന് അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്‌ച തായ്‌വാന്റെ കിഴക്കൻ തീരത്ത് ഏതാണ്ട് അഞ്ചോളം ചലനങ്ങൾ ഉണ്ടായിരുന്നു.