News - 2025
സിറിയയുടെ ദുരിതം അന്താരാഷ്ട്ര സമൂഹം അവഗണിക്കരുത്: കർദ്ദിനാൾ സെനാരി
സ്വന്തം ലേഖകന്‍ 15-02-2018 - Thursday
ഡമാസ്കസ്: സിറിയൻ ജനതയുടെ ദുരിതങ്ങൾ അന്താരാഷ്ട്ര സമൂഹം അവഗണിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി ഡമാസ്കസിലെ വത്തിക്കാൻ പ്രതിനിധി കർദ്ദിനാൾ മാരിയോ സെനാരി. വത്തിക്കാൻ ദിനപത്രമായ ലൊസർവറ്റോ റൊമാനോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണ ക്ഷാമവും അനാരോഗ്യവും മൂലം രാജ്യത്തെ ജനങ്ങൾ വലയുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ആക്രമണ പരമ്പരകൾ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്. വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ, കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ പോലും മാതാപിതാക്കൾ മടിക്കുന്നു. ഏഴു വർഷത്തോളമായി തുടരുന്ന മദ്ധ്യ കിഴക്കൻ പ്രതിസന്ധി അവസാനമില്ലാതെ തുടരുകയാണ്. സിറിയയ്ക്ക് നേരെ ആക്രമണം തുടർന്നാൽ ഇസ്രായേൽ തിരിച്ചടി നേരിടുമെന്ന ഭരണകൂടത്തിന്റെ വെല്ലുവിളി സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
അതേസമയം ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ഇരു രാജ്യങ്ങളും പൊതു സമവായത്തിലെത്തണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. ആക്രമണ തീവ്രത വർദ്ധിച്ച സാഹചര്യത്തിൽ രാജ്യത്തെ പൗരന്മാർക്ക് ആവശ്യമായ സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഐഎസ് ഭീകരതയ്‌ക്കെതിരേയുള്ള കൂട്ടായ പ്രവര്‍ത്തനം തുടരുമെന്നും ഐ.എസ്. കൈയടക്കിയ 98 ശതമാനം പ്രദേശങ്ങളില്‍ നിന്നും തുരത്തിയതായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ പറഞ്ഞു. ഐ.എസിനെതിരായ പോരാട്ടത്തിന് 200 മില്യണ്‍ ഡോളര്‍ നല്‍കുമെന്നും ടില്ലേഴ്‌സന്‍ വ്യക്തമാക്കിയിട്ടുണ്ട്.