News

സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയോടെ അഫ്ഗാനിസ്ഥാനില്‍ നോമ്പിന് ആരംഭം

സ്വന്തം ലേഖകന്‍ 16-02-2018 - Friday

കാബൂൾ: തുടര്‍ച്ചയായ അക്രമസംഭവങ്ങളിലൂടെ കടന്നു പോകുന്ന അഫ്ഗാനിസ്ഥാനില്‍ സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയോടെ വലിയ നോമ്പിന് ആരംഭം. രാജ്യത്തെ സ്വതന്ത്ര മിഷ്ണറി പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമുള്ള ബാർണബൈറ്റ് വൈദികൻ ഫാ.ജിയോവാനി സ്കാലസേ വിഭൂതി ബുധനോടനുബന്ധിച്ച് പ്രാർത്ഥനകൾക്കും ശുശ്രൂഷകള്‍ക്കും നേതൃത്വം നൽകി. വിശ്വാസികളുടെ നിറസാന്നിദ്ധ്യം ചടങ്ങിൽ ശ്രദ്ധേയമായി. ആത്മീയതയിൽ നിറഞ്ഞ ഒരു നോമ്പുകാലം വഴി രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെടുവാൻ ഇടയാകട്ടെയെന്ന് അദ്ദേഹം പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ മാധ്യമമായ 'ഫിഡ്സ്' അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ക്രൈസ്തവർക്ക് നേരെ ശക്തമായ ഭീഷണിയാണ് നിലനിൽക്കുന്നത്. എന്നിരുന്നാലും ശുശ്രൂഷകളിൽ പങ്കെടുക്കുന്ന വിശ്വാസികളുടെ ബോധ്യം ശക്തമാണ്. അഫ്ഗാനിസ്ഥാനിൽ മാനുഷികവും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കട്ടെയെന്നും അഭിമുഖത്തിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ വർഷം പതിനായിരത്തോളം ആളുകള്‍ തീവ്രവാദ ആക്രമണങ്ങൾക്കിരയായതെന്നാണ് അഫ്ഗാനിസ്ഥാനിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യു.എൻ സംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പല മിഷന്‍ സമൂഹങ്ങളും രാജ്യത്തെ അക്രമം കണക്കിലെടുത്ത് പിന്‍വാങ്ങിയിരിക്കുകയാണ്. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹവും കാബൂൾ പ്രോ -ബാംബിനി സന്യസ്തരുമാണ് അഫ്ഗാനിൽ അവശേഷിക്കുന്ന മിഷൻ സമൂഹങ്ങൾ. കഴിഞ്ഞ മാസം നടന്ന അഫ്ഗാനിലെ തീവ്രവാദ ആക്രമണങ്ങളിൽ അമ്പതോളം പേർ വധിക്കപ്പെട്ടിരിന്നു.


Related Articles »