News - 2025

ഭയപ്പെടാതെ ജീവിക്കണം; യുവജനങ്ങളോട് പാപ്പ

സ്വന്തം ലേഖകന്‍ 23-02-2018 - Friday

വത്തിക്കാന്‍ സിറ്റി: ഭയപ്പെടാതെ ജീവിക്കണമെന്ന് യുവജനങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ. 33- മത് ലോക യുവജനദിന സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്. മറിയത്തോട് ദൈവദൂതന്‍ പറഞ്ഞ “മറിയമേ, ഭയപ്പെടേണ്ട, ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു!” (ലൂക്ക 1:30) എന്ന വചനത്തിന്‍റെ വെളിച്ചത്തിലാണ് യുവജനങ്ങള്‍ക്കായുള്ള ഈ വര്‍ഷത്തെ പാപ്പയുടെ സന്ദേശം ആരംഭിക്കുന്നത്. യുവജനങ്ങളുടെ ആകുലതയെ കുറിച്ചാണ് പാപ്പയുടെ സന്ദേശത്തില്‍ ഭൂരിഭാഗവും വിചിന്തനം ചെയ്യുന്നത്.

ഇന്നിന്‍റെ എത്തിപ്പെടാനാവാത്ത സാങ്കേതികതയുടെയും കൃത്രിമമായ മാനദണ്ഡങ്ങളില്‍ കുഴഞ്ഞ് ഭയത്തില്‍ ജീവിക്കുന്ന യുവജനങ്ങളുമുണ്ട്. അതുകൊണ്ട് കൃത്രിമ മുഖംമൂടിയുമായി ജീവിക്കാന്‍ ഭയത്തില്‍ കഴിയുന്നവരുമുണ്ട്. സാമൂഹ്യസമ്പര്‍ക്ക മാധ്യമ ശൃംഖലയില്‍ വേണ്ടുവോളും “ലൈക്സ്” (likes) കിട്ടാനുള്ള വ്യഗ്രതയും പലപ്പോഴും അവരെ അലട്ടുന്നുണ്ട്. അങ്ങനെ അപര്യാപ്തതയുടെ അവബോധത്തില്‍നിന്നും ഉയരുന്ന ബഹുമുഖങ്ങളായ ഭീതിയും അനിശ്ചിതത്ത്വവുമാണ് ഇന്നത്തെ യുവജനങ്ങളുടെ പ്രശ്നം.

ചിലര്‍ക്ക് തൊഴിലിനെക്കുറിച്ചുള്ള അനിശ്ചിതത്ത്വത്തില്‍നിന്നും, സംതൃപ്തമായൊരു സ്ഥാനത്ത് തൊഴില്‍പരമായി എത്തിച്ചേരാന്‍ സാധിക്കാത്തതിന്‍റെയും, അങ്ങനെ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടാത്തതിന്‍റെയും ഭയത്തില്‍ ഞെരുങ്ങിക്കഴിയുന്നുണ്ടെന്നും പാപ്പാ സന്ദേശത്തില്‍ എടുത്തുപറയുന്നു. വിശ്വാസികളോ അവിശ്വാസികളോ ആവട്ടെ, ഇന്ന് ലോകജനതയില്‍ അധികം പേരും ഭീതികരമായ അവസ്ഥയിലാണ് ജീവിക്കുന്നത്! ദൈവത്തില്‍ വിശ്വസിക്കുന്നവര്‍പോലും ഈ ഭയപ്പാടില്‍നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. പ്രത്യാശയോടെ മുന്നേറാനുള്ള ആഹ്വാനത്തോടെയാണ് പാപ്പയുടെ സന്ദേശം അവസാനിക്കുന്നത്.


Related Articles »