News
വിശ്വാസികളുടെ വര്‍ദ്ധനവ്; അമേരിക്കയില്‍ പുതിയ ദേവാലയം ഉയര്‍ന്നു
സ്വന്തം ലേഖകന്‍ 04-03-2018 - Sunday
ക്നോക്സ്‌വില്ലെ: യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന് ബലക്ഷയം സംഭവിക്കുമ്പോള്‍ അമേരിക്കയിലെ ക്നോക്സ്‌വില്ലെ രൂപതയില്‍ നിന്നും പ്രതീക്ഷയുടെ വാര്‍ത്ത. കത്തോലിക്ക വിശ്വാസികളുടെ ശക്തമായ വര്‍ദ്ധനവ് മൂലം ക്നോക്സ്‌വില്ലെ രൂപതയുടെ ‘സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്’ കത്തീഡ്രല്‍ കൂടുതല്‍ വിശ്വാസികളെ ഉള്‍കൊള്ളുന്ന വിധത്തില്‍ പുതിയ ദേവാലയം നിര്‍മ്മിച്ചുകൊണ്ടാണ് ആഗോളശ്രദ്ധ നേടുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ സെക്രട്ടറിയായിരുന്ന പോളണ്ടിലെ ക്രാക്കോവിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ സ്റ്റാന്‍സിലൊ ഡിസിവിസ് ഇന്നലെ നടന്ന വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കര്‍ദ്ദിനാള്‍ ജസ്റ്റിന്‍ റിഗാലി, കര്‍ദ്ദിനാള്‍ വില്ല്യം ലെവാഡ ഉള്‍പ്പെടെ നിരവധി പിതാക്കന്‍മാരും, 1500-ഓളം ഇടവക കുടുംബാംഗങ്ങളും വെഞ്ചരിപ്പുകര്‍മ്മത്തില്‍ പങ്കെടുത്തു. 28,000 ത്തോളം ചതുരശ്രഅടിയിലാണ് മനോഹരമായ കത്തീഡ്രല്‍ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. 1,200-ഓളം പേര്‍ക്ക് ഒരേസമയം വിശുദ്ധ കുര്‍ബാന കാണുന്നതിനുള്ള സൗകര്യം ദേവാലയത്തിനുണ്ട്. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോളണ്ടില്‍ ഉണ്ടായിരുന്ന ഒരു ദേവാലയത്തിന്റെ നിര്‍മ്മാണ ശൈലിയാണ് കത്തീഡ്രലിന്റെ നിര്‍മ്മാണത്തിനായി സ്വീകരിച്ചിരിക്കുന്നത്. വിശ്വാസികളുടെ ബാഹുല്യം നിമിത്തം തെക്കന്‍ അമേരിക്കയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പണിയുന്ന രണ്ടാമത്തെ പ്രമുഖ കത്തീഡ്രലാണ് ‘സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്’കത്തീഡ്രല്‍.
അമേരിക്കയിലെ പല രൂപതകളിലും വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. നോര്‍ത്ത് കരോലിനയിലെ റാലെഗ് രൂപതയിലെ കത്തോലിക്കരുടെ എണ്ണം 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,33,000-ല്‍ നിന്നും 2.5 ലക്ഷമായി ഉയര്‍ന്നു. ക്നോക്സ്‌വില്ലെ രൂപതയിലെ കത്തോലിക്കരുടെ എണ്ണവും 30,000-ല്‍ നിന്നും 70,000 മായി ഉയര്‍ന്നിട്ടുണ്ട്. പല ഇടവകകളും വിശ്വാസികളുടെ ബാഹുല്യം കാരണം ഭാവികാല ആവശ്യങ്ങള്‍ക്കായി ഭൂമി വാങ്ങിക്കുന്നുമുണ്ട്. വിവിധ മതങ്ങളില്‍ നിന്നും ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നും കത്തോലിക്ക വിശ്വാസത്തിലേക്കുള്ള ചുവടുമാറ്റമാണ് വിശ്വാസികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിന് കാരണമായി വിലയിരുത്തപ്പെടുന്നത്.