News - 2024

വനിതാദിനത്തില്‍ സ്പെയിനിലെ ദേവാലയങ്ങളില്‍ ഫെമിനിസ്റ്റുകളുടെ ആക്രമണം

സ്വന്തം ലേഖകന്‍ 10-03-2018 - Saturday

മാഡ്രിഡ്: ലോക വനിതാദിനത്തില്‍ സ്പെയിനിലെ മാഡ്രിഡ് നഗരത്തിലെ ദേവാലയങ്ങളുടെ മതിലുകളില്‍ അബോര്‍ഷന്‍ അനുകൂല ചുവരെഴുത്തുകള്‍ പതിപ്പിച്ചുകൊണ്ട് ഫെമിനിസ്റ്റുകളുടെ ആക്രമണം. എസ്പിരിറ്റ് സാന്റോ, സാന്‍ ക്രിസ്റ്റോബാല്‍ എന്നീ ദേവാലയങ്ങളാണ് ഭ്രൂണഹത്യാനുകൂലികളുടെ ആക്രമണങ്ങള്‍ക്കിരയായത്. അബോര്‍ഷനെ പിന്തുണക്കുന്ന മുദ്രാവാക്യങ്ങളും പുരുഷ, ഫെമിനിസ്റ്റ് ചിഹ്നങ്ങളുമാണ് ദേവാലയ മതിലുകളില്‍ കോറിയിട്ടിരിക്കുന്നത്. “ഭ്രൂണഹത്യ വേണം”, “ഭ്രൂണഹത്യക്കുള്ള സ്വാതന്ത്ര്യം”, “തങ്ങളുടെ അണ്ഡാശയങ്ങളില്‍ നിന്നും ജപമാലകള്‍ മാറ്റുക” തുടങ്ങിയ തിന്മയുടെ പ്രതിഫലനമുള്ള മുദ്രാവാക്യങ്ങളാണ് മതിലുകളില്‍ എഴുതിയിരിക്കുന്നത്.

ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് മാഡ്രിഡ് അതിരൂപത ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസികളുടെ പൈതൃകത്തിനു നേരെയുള്ള ആക്രമണമാണ് നടന്നതിരിക്കുന്നതെന്ന് അതിരൂപത വ്യക്തമാക്കി. സാമൂഹ്യ സഹവര്‍ത്തിത്ത്വത്തിനു നേരെയുള്ള കടന്നുകയറ്റമാണിതെന്നും, എല്ലാ വിശ്വാസങ്ങളോടും ജനങ്ങളോടുമുള്ള ബഹുമാനത്തില്‍ നിന്നുമാണ് യാഥാര്‍ത്ഥ സമത്വമുണ്ടാകുന്നതെന്നും അതിരൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വനിതാ ദിനത്തിന്റെ ഭാഗമായി സ്പെയിനിലെ വനിതാസംഘടനകള്‍ പ്രഖ്യാപിച്ച പ്രതിഷേധസമരത്തിന് മുന്‍പ് സാന്‍ സെബാസ്റ്റ്യനിലെ മെത്രാനായ ജോസ് ഇഗ്നാസിയോ മുനില്ല ‘റേഡിയോ മരിയ’ എന്ന തന്റെ റേഡിയോ പ്രോഗ്രാം വഴി തീവ്രവാദപരമായ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഫെമിനിസ്റ്റുകളെ വിമര്‍ശിച്ചിരുന്നു. അവരുടെ പ്രവര്‍ത്തികള്‍ സാത്താന്റെ പ്രവര്‍ത്തികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ലിംഗസമത്വത്തിനുവേണ്ടി തീവ്രവാദപരമായ ആശയങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ചില സ്ത്രീകളാണ് ഈ സമരത്തിന്റെ പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

1960-കളില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ‘ആധികാരിക ഫെമിനിസവും’, ‘തീവ്രവാദ ഫെമിനിസവും’ എന്ന പേരില്‍ രണ്ടായി വിഭജിച്ചുവെന്ന് ബിഷപ്പ് മുനില്ല പറയുന്നു. ഈ സമരത്തിന്റെ പിന്നിലുള്ളവര്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവരാണ്. ഇത്തരം പ്രവര്‍ത്തികള്‍ വഴി സ്ത്രീകള്‍ തങ്ങളെ തന്നെ സാത്താന്റെ അടിമകളാക്കി മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭ്രൂണഹത്യ, സ്വവര്‍ഗ്ഗ വിവാഹം എന്നീ നീചമായ തിന്മകള്‍ക്കെതിരായി കത്തോലിക്ക സഭ കൈകൊണ്ടിട്ടുള്ള നിലപാടിനെ വിമര്‍ശിച്ച് സ്ത്രീസമത്വവാദികളായ സംഘടനകള്‍ പലപ്പോഴും രംഗത്തിയിട്ടുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സ്പെയിനിലെ സംഭവം.


Related Articles »