News - 2025
“കര്‍ത്താവിനായി 24 മണിക്കൂര്‍” ദിനത്തില്‍ കുമ്പസാരിച്ച് പാപ്പ
സ്വന്തം ലേഖകന്‍ 11-03-2018 - Sunday
വത്തിക്കാന്‍ സിറ്റി: തപസ്സുകാലത്തിലെ നാലാമത്തെ ഞായറാഴ്ചയ്ക്കു തൊട്ടുമുമ്പ് വരുന്ന വെള്ളിയാഴ്ച ആചരിക്കുന്ന “കര്‍ത്താവിനായി 24 മണിക്കൂര്‍” ദിനത്തില്‍ (മാര്‍ച്ച് 9) മാര്‍പാപ്പ കുമ്പസാരം നടത്തി. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന അനുതാപ ശുശ്രൂഷവേളയില്‍ ആദ്യം കുമ്പസാരിച്ച പാപ്പ തുടര്‍ന്ന് ഏതാനും പേരെ കുമ്പസാരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു കൊല്ലമായി നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തിലാണ് “കര്‍ത്താവിനായി 24 മണിക്കൂര്‍” ദിനം ആചരിക്കുന്നത്. വൈകുന്നേരം നല്‍കിയ സുവിശേഷസന്ദേശത്തില്‍ പാപത്തിന്‍റെ അനന്തരഫലങ്ങളെ കുറിച്ച് പാപ്പ സൂചിപ്പിച്ചു.
ദൈവത്തിന് നമ്മോടുള്ള സ്നേഹം പരിമിതികളും അതിരുകളും ഇല്ലാത്തതാണ്. പാപത്തിന്‍റെ അനന്തരഫലമായി നാം ദൈവത്തില്‍ നിന്ന് അകലുന്നു എന്നതിനര്‍ത്ഥം ദൈവം നമ്മില്‍ നിന്ന് അകലുന്നു എന്നല്ല. നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നെങ്കില്‍ തന്നെയും ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവനാണ് എന്ന യോഹന്നാന്‍ ശ്ലീഹായുടെ വാക്കുകള്‍, ദൈവപിതാവിന്‍റെ സ്നേഹത്തിലുള്ള അചഞ്ചല വിശ്വാസം പുലര്‍ത്താന്‍ നമ്മുടെ ഹൃദയത്തിനു ലഭിച്ചിരിക്കുന്ന ഉറപ്പിനുള്ള സ്ഥിരീകരണമാണെന്നും പാപ്പ പറഞ്ഞു.