News - 2025
സീറോ മലബാര്‍ രൂപതകളില്‍ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനം
സ്വന്തം ലേഖകന്‍ 16-03-2018 - Friday
കാക്കനാട്: സഭയില്‍ ഐക്യവും സമാധാനവും അച്ചടക്കവും സംജാതമാകുന്നതിനായി സീറോ മലബാര്‍ സഭയിലെ വിവിധ ബിഷപ്പുമാര്‍ ആഹ്വാനം ചെയ്ത ഉപവാസ പ്രാര്‍ത്ഥനാദിനം ഇന്ന്. സഭയില്‍ ഉണ്ടായിരിക്കുന്ന വിവിധ പ്രശ്നങ്ങളെ കണക്കിലെടുത്ത് തലശേരി, താമരശേരി, മാനന്തവാടി, പാലാ, ബല്‍ത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി, തക്കല, കല്യാണ്‍, ചങ്ങനാശ്ശേരി തുടങ്ങിയ രൂപതകളിലാണ് ഇന്ന്‍ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ചത്. എല്ലാ വിശ്വാസികളും 12 മണി മുതല്‍ മൂന്നു മണി വരെയുള്ള സമയത്ത് ഒരു മണിക്കൂറെങ്കിലും പ്രാര്‍ത്ഥനയ്ക്കായി മാറ്റിവയ്ക്കാന്‍ ശ്രദ്ധിക്കണമെന്നു വിവിധ ബിഷപ്പുമാര്‍ അഭ്യര്‍ത്ഥിച്ചു.
ഈ മാസം 23നാണ് മറ്റു രൂപതകളില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുക. ഇക്കാര്യം കാക്കനാട് സഭാകേന്ദ്രത്തില്‍ ചേര്‍ന്ന സ്ഥിരം സിനഡാണ് അറിയിച്ചത്. പ്രാര്‍ത്ഥനാദിനത്തില്‍ ഇടവകകളിലും സന്യസ്ത ഭവനങ്ങളിലും സാധിക്കുന്ന സഭാ സ്ഥാപനങ്ങളിലും ഒരു മണിക്കൂറെങ്കിലും പരിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്തണം. അതേസമയം സഭയില്‍ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം ശക്തിപ്പെടുത്താന്‍ സിനഡ് തീരുമാനിച്ചതായി സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ ഫാ.ആന്റണി കൊള്ളന്നൂര്‍ പറഞ്ഞു.