News - 2025

ഇസ്രായേലിനെ പിന്തുണക്കുന്ന ക്രിസ്ത്യന്‍ സംഘടനയുടെ അംഗസംഖ്യ 40 ലക്ഷം കവിഞ്ഞു

സ്വന്തം ലേഖകന്‍ 20-03-2018 - Tuesday

വാഷിംഗ്ടണ്‍: ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കന്‍ ക്രിസ്ത്യന്‍ സംഘടനയായ ‘ക്രിസ്റ്റ്യന്‍ യുണൈറ്റഡ് ഫോര്‍ ഇസ്രായേല്‍’ (CUFI)ന്‍റെ അംഗസംഖ്യ 40 ലക്ഷം കവിഞ്ഞു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഇസ്രായേല്‍ അനുകൂല സംഘടനയായി സി‌യു‌എഫ്ഐ മാറിയിരിക്കുകയാണെന്ന്‍ സംഘടനയുടെ സ്ഥാപകനും ചെയര്‍മാനുമായ പാസ്റ്റര്‍ ജോണ്‍ ഹാഗീ അറിയിച്ചു. 2006-ല്‍ 400 ക്രിസ്ത്യന്‍ നേതാക്കള്‍ CUFI സ്ഥാപിക്കുന്നതിനായി ഒന്നിച്ചു കൂടിയപ്പോള്‍ വെറും 12 വര്‍ഷങ്ങള്‍കൊണ്ട് സംഘടനയുടെ അംഗസംഖ്യ 40 ലക്ഷം കവിയുമെന്ന് തങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരിന്നില്ലായെന്ന് ജോണ്‍ ഹാഗീ പറഞ്ഞു. സി‌യു‌എഫ്‌ഐ വെറുമൊരു സംഘടന മാത്രമല്ലെന്നും, ബൈബിളിന്റെ അടിസ്ഥാനത്തില്‍ ഇസ്രായേല്‍ മക്കള്‍ക്ക് വേണ്ടി സംസാരിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ലക്ഷകണക്കിന് ക്രിസ്ത്യാനികളുടെ ഒരു പ്രസ്ഥാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2006 ഫെബ്രുവരി 7-നാണ് CUFI ഔദ്യോഗിക അംഗീകാരത്തോടെ സ്ഥാപിതമാകുന്നത്. ബൈബിളിനെ അടിസ്ഥാനമാക്കി ഇസ്രായേലിന് വേണ്ടി വാദിക്കുകയും, പിന്തുണക്കുകയുമാണ്‌ സംഘടനയുടെ മുഖ്യ ലക്ഷ്യം. അമേരിക്കന്‍ സംസ്ഥാനങ്ങളിലെ ഓരോ ജില്ലകളിലും സംഘടനക്ക് അംഗങ്ങളുണ്ട്. 2012-ല്‍ തന്നെ സംഘടനയുടെ അംഗസംഖ്യ പത്തുലക്ഷം കവിഞ്ഞിരുന്നു. ഇതിനോടകം തന്നെ 3000-ത്തോളം ഇസ്രായേല്‍ അനുകൂല പരിപാടികള്‍ അമേരിക്കയിലുടനീളമുള്ള നഗരങ്ങളില്‍ സംഘടിപ്പിക്കുവാന്‍ കൂട്ടായ്മക്ക് കഴിഞ്ഞു. ഏതാണ്ട് 350 യൂണിവേഴ്സിറ്റികളിലായി 3000-ത്തോളം ഇസ്രായേല്‍ അനുകൂല പ്രവര്‍ത്തകരെ പരിശീലിപ്പിച്ചെടുക്കുവാനും സംഘടനക്ക് സാധിച്ചിട്ടുണ്ട്.

‘CUFI ഓണ്‍ കാമ്പസ്സ്’ ചാപ്റ്ററിന് അമേരിക്കയിലെ 225 കാമ്പസ്സുകളില്‍ സാന്നിധ്യമുണ്ട്. സംഘടനയുടെ കഴിഞ്ഞ വാര്‍ഷിക ഉച്ചകോടിയില്‍ 5000-ത്തോളം പ്രവര്‍ത്തകരായിരുന്നു പങ്കെടുത്തത്. ഇസ്രായേലിലെ അമേരിക്കന്‍ എംബസ്സി ജറുസലേമിലേക്ക് മാറ്റുക, ഡേവിഡ് ഫ്രിഡ്മാനേ ഇസ്രായേലിലെ അമേരിക്കന്‍ അംബാസിഡറാക്കുക, ‘ടെയ്‌ലര്‍ ഫോഴ്സ് ആക്റ്റ്’ നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി ഒരുപാട് വാദിച്ചിട്ടുള്ള സംഘടനയാണ് സി‌യു‌എഫ്‌ഐ. ഇസ്രായേല്‍ എന്നും ഞങ്ങളുടെ മുഖ്യ ശ്രദ്ധാകേന്ദ്രമായി തുടരുമെന്ന് സംഘടനയുടെ യുടെ സ്ഥാപക എക്സിക്യുട്ടീവ്‌ ഡയറക്ടറായ ഡേവിഡ് ബ്രോഗ് വ്യക്തമാക്കി. ഇസ്രായേലിനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെ കാരണം ദൈവവചനമാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സി‌യു‌എഫ്‌ഐയുടെ കഴിഞ്ഞ ഉച്ചകോടിയില്‍ വെളിപ്പെടുത്തിയിരിന്നു.


Related Articles »