News

ചൈനയിലെ കത്തോലിക്ക മെത്രാനെ പോലീസ് തടവിലാക്കി

സ്വന്തം ലേഖകന്‍ 28-03-2018 - Wednesday

ബെയ്ജിംഗ്: വത്തിക്കാൻ- ചൈന ഉടമ്പടി ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കെ യാതൊരു കാരണവും കൂടാതെ കത്തോലിക്ക മെത്രാനെ ചൈനീസ് പോലീസ് തടവിലാക്കി. മിന്‍ഡോങ്ങ് രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് വിന്‍സെന്റ് ഗുവോ സിജിനാണ് വിശുദ്ധവാരത്തില്‍ തടവിലാക്കപ്പെട്ടിരിക്കുന്നത്. മാർച്ച് 26ന് ചൈനീസ് മതകാര്യ അധികൃതരുമായി ചർച്ചയിൽ പങ്കെടുത്ത ബിഷപ്പ്, തിരികെ വസതിയിൽ എത്തിയെങ്കിലും പത്തു മണിയോടെ വസതിയിൽ നിന്നും പോലീസ് കൊണ്ടു പോകുകയായിരുന്നുവെന്ന് ഏഷ്യ ന്യൂസ് റിപ്പോർട്ട് ചെയ്തു. അമ്പത്തിയൊൻപതുകാരനായ ബിഷപ്പിനോടൊപ്പം രൂപത ചാൻസലറിനെയും പോലീസ് തടവിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷവും വിശുദ്ധവാരത്തിനും ക്രിസ്തുമസിനും തൊട്ട് മുൻപ് ബിഷപ്പിനെ തടവിലാക്കിയിരുന്നു. അതേസമയം ചൈനീസ് ഗവൺമെന്റ് അംഗീകരിച്ച ഏഴു ബിഷപ്പുകളിലൊരാളായ വിൻസന്റ് സാൻ സിലുവിനൊപ്പം ഈസ്റ്റർ ദിവ്യബലി അർപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് തടവിലാക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

കത്തോലിക്കാ സഭക്ക് നേരെ കാര്‍ക്കശ്യ നിലപാട് പുലര്‍ത്തിവരുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടവും വത്തിക്കാനും തമ്മില്‍ മെത്രാന്‍മാരുടെ നിയമനത്തില്‍ പരസ്പര ധാരണയിലെത്താൻ മിന്‍ഡോങ്ങിലെ വത്തിക്കാന്‍ അംഗീകൃത മെത്രാനായ വിന്‍സെന്റ് ഗുവോ സിജിന്‍ (59) രൂപതയിലെ ഗവണ്‍മെന്റ് അംഗീകൃത മെത്രാനായ സാന്‍ സിലു (57)-ന്റെ കീഴിലെ സഹായ മെത്രാനായി പ്രവർത്തിക്കാൻ നിർദ്ദേശം നല്കിയെന്നു റിപ്പോര്‍ട്ടുണ്ടായിരിന്നു.

ഈ പശ്ചാത്തലത്തിലാണ് ബിഷപ്പിനെ തടവിലാക്കിയതെന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ മുൻഗാമിയായ ബിഷപ്പ് വിൻസൻറ് ഹു യാങ്ങ് ഷോചെങ്ങ് മുപ്പത്തിയഞ്ച് വർഷത്തോളം ലേബർ ക്യാമ്പിലും ജയിലിലുമാണ് പാർപ്പിച്ചിരുന്നത്.

നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്‌. പാട്രിയോടിക്ക് കത്തോലിക്കാ സഭ എന്നാണ് ഈ സമൂഹം അറിയപ്പെടുന്നത്. ക്ലാന്‍ഡെസ്റ്റൈന്‍ എന്നറിയപ്പെടുന്ന വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭസഭയും രാജ്യത്തുണ്ട്. അതേസമയം മെത്രാന്‍ നിയമനം മാര്‍പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ പാട്രിയോടിക്ക് സഭയെ വത്തിക്കാന്‍ അംഗീകരിക്കുന്നില്ല.

ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, മാര്‍പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നവരെ സര്‍ക്കാര്‍ വിരുദ്ധരായി കണക്കാക്കുന്നതിനാല്‍ ഭൂഗര്‍ഭ അറകളിലാണ് ആരാധന നടക്കുന്നത്. ഗവൺമെന്റ് അംഗീകാരമില്ലാത്ത ബിഷപ്പുമാരും വൈദികരും സന്യസ്തരും കടുത്ത പീഡനമാണ് രാജ്യത്തു നേരിടുന്നത്. വത്തിക്കാൻ-ചൈന ഉടമ്പടിയ്ക്ക് അംഗീകാരം ലഭിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.

More Archives >>

Page 1 of 302