News - 2025
ഐസ്‌ലാന്‍റിനെ ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിച്ചത് അഗ്നിപര്‍വ്വത സ്ഫോടനം
സ്വന്തം ലേഖകന്‍ 27-03-2018 - Tuesday
റെയ്ക്ജാവിക്: ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനമാണ് ഐസ്‌ലാന്‍റിലെ സ്കാൻഡിനേവിയൻ ജനതയിലെ വിഭാഗമായ വൈക്കിംഗുകളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നതെന്ന്‍ പുതിയ പഠനം. യൂറോപ്യന്‍ രാജ്യമായ ഐസ്‌ലാൻഡില്‍ നിന്നും വിജാതീയ ആചാരങ്ങളെ പുറത്താക്കിയത് ഈ അഗ്നിപര്‍വ്വത സ്ഫോടനമാണെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗവേഷകര്‍ പറയുന്നത്. പര്യവേഷകർ, പോരാളികൾ, വ്യാപാരികൾ, കടൽക്കൊള്ളക്കാർ എന്നീ നിലകളിൽ പ്രസിദ്ധിയാര്‍ജിച്ചവരായിരിന്നു വൈക്കിങ്ങുകൾ. അഗ്നിപര്‍വ്വതസ്ഫോടനത്തെ തുടര്‍ന്നുണ്ടായ ഏകദൈവവിശ്വാസത്തിനനുകൂലമായ സാഹചര്യമാണ് വൈക്കിങ്ങുകളെ കൂട്ടമായി ക്രൈസ്തവ വിശ്വാസത്തിലേക്ക് എത്തിച്ചതെന്നാണ് ഇതുവരെയുള്ള ഗവേഷണം സൂചിപ്പിക്കുന്നത്.
അതേസമയം സ്ഫോടനം എന്ന് നടന്നുവെന്നത് വ്യക്തമല്ല. കൃത്യമായ തീയതി കണ്ടെത്തുന്നതിനായി കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റിയിലെ ഉന്നത നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ശാസ്ത്രജ്ഞരും ചരിത്രകാരുമടങ്ങുന്ന ഒരു സംഘം മഞ്ഞുമടക്കുകളിലും വിവിധ പ്രദേശങ്ങളിലും പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. ഐസ്‌ലാന്‍റിന്റെ ചരിത്രത്തിലെ എക്കാലത്തേയും വലിയ ലാവാപ്രവാഹത്തിനാണ് ഈ അഗ്നിപര്‍വ്വത സ്ഫോടനം വഴിവെച്ചതെന്ന്‍ കരുതപ്പെടുന്നു. 20 ക്യൂബിക്ക് കിലോമീറ്ററോളം ചുറ്റളവില്‍ ലാവാ പരന്നു. സ്ഫോടനം വഴി വലിയ തോതില്‍ സള്‍ഫറും, വാതകങ്ങളും, ചാരവും പരക്കുകയുണ്ടായി എന്ന ഗവേഷക വിലയിരുത്തലിനെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
മധ്യകാലഘട്ടത്തില്‍ രചിക്കപ്പെട്ട 'ലെ വൊലൂസ്പ' എന്ന കവിതയില്‍ ഈ സംഭവത്തിന്റെ വിവരണമുണ്ട്. ഐസ്‌ലാൻഡില്‍ വളരെയേറെ പ്രസിദ്ധമാണ് ഈ കവിത.‘എല്‍ഡ്ഗ്ജാ’ എന്ന അഗ്നിപര്‍വ്വതത്തിന്റെ സ്ഫോടനം ഐസ്‌ലാന്‍റില്‍ വിജാതീയ ദൈവവിശ്വാസത്തിന്റെ അന്ത്യവും ഏകദൈവ വിശ്വാസത്തിന്റെ ആരംഭവും കുറിച്ചുവെന്ന് കവിതയില്‍ പറയുന്നു. ഒരു ദൃക്സാക്ഷി വിവരണം പോലെയാണ് അഗ്നിപര്‍വ്വത സ്ഫോടനത്തെക്കുറിച്ച് കവിതയില്‍ വിവരിച്ചിരിക്കുന്നതെന്ന് കേംബ്രിഡ്‌ജ് സര്‍വ്വകലാശാല ജിയോളജി വിഭാഗത്തിലെ ഡോ. ക്ലൈവ് ഓപ്പണ്‍ ഹെയിമര്‍ പറയുന്നു. എ.ഡി. 961-ല്‍ രചിക്കപ്പെട്ട ‘പ്രവാചകയുടെ പ്രവചനം’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ കവിത ഐസ്‌ലാൻഡിന്റെ ക്രൈസ്തവവല്‍ക്കരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു പ്രധാനരേഖയാണ്.