News

അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രത്തിനെതിരെ 20 ലക്ഷത്തോളം ആളുകള്‍ തെരുവില്‍

സ്വന്തം ലേഖകന്‍ 28-03-2018 - Wednesday

ബ്യൂണസ് അയേഴ്സ്: ഗര്‍ഭഛിദ്രം എന്ന മാരകപാപത്തിനെതിരെ അര്‍ജന്‍റീനയിലെ ജനത തെരുവിലറങ്ങിയപ്പോള്‍ അത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ റാലികളില്‍ ഒന്നായി മാറി. മാര്‍ച്ച് 25 ഓശാന ഞായറാഴ്ചയാണ് ഗര്‍ഭഛിദ്രത്തിന് സ്വാതന്ത്ര്യം നല്‍കുവാനുള്ള ശുപാര്‍ശക്കെതിരെ “ജീവന് മൂല്യമുണ്ട്” എന്ന മുദ്രാവാക്യവുമായി ഏതാണ്ട് 20 ലക്ഷത്തോളം ആളുകള്‍ തെരുവില്‍ ഇറങ്ങിയത്. ‘ഗ്രേറ്റ് റാലി ഫോര്‍ ഫോര്‍ ലൈഫ്’ എന്ന പേരില്‍ സംഘടിപ്പിച്ച റാലി ബ്യൂണസ് അയേഴ്സിസ് ഉള്‍പ്പെടെയുള്ള നഗരങ്ങളുടെ തെരുവുകള്‍ ഇളക്കിമറിച്ചു.

സംഘാടകര്‍ പ്രതീക്ഷിച്ചതിലും ഇരട്ടിയിലധികം ആളുകളാണ് റാലിയില്‍ അണിചേര്‍ന്നത്. ‘സേവ് ദം ബോത്ത്‌’ എന്നതായിരുന്നു റാലിയുടെ മുഖ്യ പ്രമേയം. ‘പിറക്കാത്ത കുട്ടികളുടെ ദേശീയ ദിനം’ എന്ന പ്രത്യേകതയും മാര്‍ച്ച് 25-നുണ്ടായിരുന്നു. 14 ആഴ്ചയോളം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭഛിദ്രം ചെയ്യുവാന്‍ അനുവദിക്കണമെന്ന ആവശ്യത്തെക്കുറിച്ച് അധോസഭയുടെ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് ഈസ്റ്ററിന് ശേഷം നാഷണല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുവാനിരിക്കെയാണ് ശക്തമായ പ്രോലൈഫ് റാലി നടന്നത്.

റാലിയെ പറ്റി മാധ്യമങ്ങള്‍ കാര്യമായ പ്രചാരണം നല്‍കിയില്ലെങ്കിലും, സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രചാരണമായിരുന്നു റാലിക്ക് ലഭിച്ചത്. പ്രായമായവരും, കുട്ടികളും ഉള്‍പ്പെടെ കുടുംബമായിട്ടാണ് ആളുകള്‍ റാലിയില്‍ പങ്കെടുക്കുവാനെത്തിയത്. വിവിധ മുദ്രാവാക്യങ്ങളും ബാനറുകളുമായിട്ടായിരുന്നു റാലി. കൊര്‍ഡോബാ, മെന്‍ഡോസാ, റൊസാരിയോ, ബാഹിയാ ബ്ലാങ്കാ, റെസിസ്റ്റെന്‍സ്യാ, കോണ്‍കോര്‍ഡിയ, പരാന, മാര്‍ ഡെല്‍ പ്ലാറ്റാ, റിയോ ഡിയോ ഗ്രന്റെ, ഉഷുവ്യാ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധ റാലികള്‍ അരങ്ങേറി.

റാലിക്ക് പിന്തുണ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ സന്ദേശം നല്‍കിയിരിന്നു. അതേസമയം ചേംബര്‍ ഓഫ് ഡെപ്യൂട്ടിമാര്‍ ഈ ശുപാര്‍ശ അംഗീകരിച്ചാലും, സെനറ്റിലെ ഭൂരിഭാഗവും അബോര്‍ഷനെ പിന്തുണക്കാത്തവരായതിനാല്‍ ഈ ശുപാര്‍ശ തള്ളപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

More Archives >>

Page 1 of 302