News - 2025
അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ഇന്ന് പെസഹ
സ്വന്തം ലേഖകന്‍ 29-03-2018 - Thursday
കൊച്ചി: അന്ത്യഅത്താഴത്തിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്നു പെസഹാ ആചരിക്കുന്നു. വിനയത്തിന്റെ മാതൃക ലോകത്തിന് നല്കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഇന്ന് കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക ദിവ്യബലിയും നടക്കും. വിവിധ ദേവാലയങ്ങളിലായി രോഗികളെയും അള്‍ത്താര ശുശ്രൂഷികളെയും പ്രായമുള്ള പിതാക്കന്മാരെയുമാണ് കാലുകഴുകല്‍ ശുശ്രൂഷയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി ദേവാലയങ്ങളില്‍ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും ഇന്നു നടക്കും. ചില ദേവാലയങ്ങളില്‍ പെസഹ ശുശ്രൂഷകള്‍ വൈകീട്ടാണ് നടക്കുക.
കുരിശുമരണത്തിന് ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്മരിച്ചു ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. സന്ധ്യക്ക് ക്രൈസ്തവ ഭവനങ്ങളില്‍ അയല്‍ക്കാരും ബന്ധുക്കളും ഒത്തുകൂടി അപ്പം മുറിച്ച് ഭക്ഷിക്കും. പെസഹ അപ്പം മുറിക്കുന്നതോടെ വിശുദ്ധ വാരത്തിലെ പ്രധാനപ്പെട്ട ആഘോഷത്തിന് സമാപനമാകും.
വത്തിക്കാനില്‍ പെസഹാ ശുശ്രൂഷകള്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ചായിരിക്കും നടക്കുക. രാവിലെ 10 മണിക്ക് പൗരോഹിത്യകൂട്ടായ്മയുടെ സമൂഹബലിയര്‍പ്പണവും തൈലാഭിഷേകര്‍മ്മവും വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ഉണ്ടാകും. തിരുക്കര്‍മ്മ മദ്ധ്യേ പാപ്പ വചനചിന്തകള്‍ പങ്കുവയ്ക്കും. പ്രാദേശിക സമയം വൈകുന്നേരം 4.30-ന് കാലുകഴുകല്‍ ശുശ്രൂഷയ്ക്കായി റോമിലെ ത്രസ്തേവരെയിലുള്ള റെജീന കൊയിലി ജയിലില്‍ എത്തും. അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പ അവര്‍ക്ക് വചനസന്ദേശം നല്‍കും.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന് ആരംഭിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു ശുശ്രൂഷകള്‍. ദിവ്യബലി, കാലുകഴുകല്‍ ശുശ്രൂഷ, പൂര്‍ണദിന ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടാകും. വൈകിട്ട് ഏഴു മുതല്‍ എട്ടു വരെ പൊതു ആരാധന. തുടര്‍ന്ന് അപ്പം മുറിക്കല്‍ ശുശ്രൂഷ.
പട്ടം സെന്റ്മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ എട്ടുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ വിശുദ്ധ കുര്‍ബാനയുടെ ആരാധന. ഉച്ചകഴിഞ്ഞ് മൂന്നിന് കാല്‍കഴുകല്‍ ശുശ്രൂഷ. മുഖ്യകാര്മികന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. തുടര്‍ന്ന് പെസഹാ കുര്‍ബാന എന്നിവ നടക്കും. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ വൈകുന്നേരം അഞ്ചിന് തിരുവത്താഴപൂജ, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയ്ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം മുഖ്യകാര്മ്മിതകത്വം വഹിക്കും.