India - 2024

ഫാ. ടോം ഉഴുന്നാലിന്റെ ആത്മകഥ മലയാളത്തില്‍ പുറത്തിറങ്ങി

സ്വന്തം ലേഖകന്‍ 09-04-2018 - Monday

കൊച്ചി: ഭീകരരുടെ തടങ്കലിലെ ഒന്നര വര്‍ഷത്തെ അനുഭവങ്ങളും മോചനത്തിന്റെ വഴികളും പങ്കുവയ്ക്കുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ ആത്മകഥ മലയാളത്തില്‍ പുറത്തിറങ്ങി. 'ദൈവകൃപയാല്‍' എന്ന ശീര്‍ഷകത്തിലുള്ള പുസ്തകത്തിന്റെ പ്രകാശനം കഴിഞ്ഞ ദിവസം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. നേരത്തെ പ്രകാശനം ചെയ്ത 'ബൈ ദി ഗ്രേസ് ഓഫ് ഗോഡ്' എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ തര്‍ജമയാണു പുതിയ പുസ്തകം. ദൈവവിളിയിലേക്കുള്ള പ്രചോദനം, മിഷ്ണറിയാവാനുള്ള തീരുമാനം, വൈദികജീവിതത്തിലെ ആഭിമുഖ്യങ്ങള്‍, യമനിലെത്തിയ ആദ്യകാലത്തെ പ്രവര്‍ത്തനങ്ങള്‍, ആ രാജ്യത്തെ സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലങ്ങള്‍, യുദ്ധമുഖത്തെ കാഴ്ചകള്‍ എന്നിവയും സവിസ്തരം പുസ്തകത്തിലുണ്ട്.

പത്ത് അധ്യായങ്ങളിലായി 168 പേജുകളുള്ള ആത്മകഥ തന്റെ ബാല്യകാലസ്മൃതികളിലൂടെയാണ് ഫാ. ഉഴുന്നാലില്‍ ആരംഭിക്കുന്നത്. തന്റെ മോചനവഴികളെക്കുറിച്ചുള്ള വിശദീകരണശേഷം അതിനായി പ്രയത്‌നിച്ചവരെ നന്ദിയോടെ സ്മരിച്ചുകൊണ്ടാണു പുസ്തകം അവസാനിക്കുന്നത്. വെണ്ണല ഡോണ്‍ബോസ് കോ പബ്ലിക്കേഷന്‍സാണ് ആത്മകഥ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.

മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞ വിശേഷങ്ങള്‍ക്കുമപ്പുറം തീക്ഷ്ണമായ തടവറയനുഭവങ്ങള്‍, ഇതുവരെ പറയാത്ത ജീവിതനിമിഷങ്ങള്‍, വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ എന്നിവ ആത്മകഥയിലുണ്ട്. അപൂര്‍വ ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിഎസ്സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.


Related Articles »