News - 2019

ദൈവദാസൻ വർഗീസ് പയ്യപ്പിള്ളിയുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചു

സ്വന്തം ലേഖകന്‍ 14-04-2018 - Saturday

വത്തിക്കാന്‍ സിറ്റി: അഗതികളുടെ സന്യാസസമൂഹത്തിന്റെ സ്ഥാപകനും ഏറണാകുളം അങ്കമാലി അതിരൂപതാ വൈദികനുമായിരിന്ന ദൈവദാസൻ വർഗീസ് പയ്യപ്പിള്ളിയുടെ വീരോചിതപുണ്യങ്ങള്‍ വത്തിക്കാന്‍ അംഗീകരിച്ചു. ഇന്ന് (14/04/18) വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമോത്ത ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചപ്പോഴാണ് ഇതുള്‍പ്പടെ 8 പുതിയ പ്രഖ്യാപനങ്ങള്‍, മാര്‍പാപ്പ പുറപ്പെടുവിച്ചത്. ധന്യപദവിയിലേക്കുയര്‍ത്തപ്പെട്ട ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ മധ്യസ്ഥതയില്‍ അത്ഭുതം സ്ഥിരീകരിച്ചാല്‍ വാഴ്ത്തപ്പെട്ടവനായും ശേഷം വിശുദ്ധ പദവിയിലേക്കും ഉയര്‍ത്തപ്പെടും.

ഏറണാകുളം ജില്ലയിലെ കോന്തുരുത്തി പെരുമാനൂർ ദേശത്ത് പുരാതനമായ പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി തറവാട്ടിൽ 1876 ഓഗസ്റ്റ് 8-നാണ് ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ ജനനം. 1927-ൽ അദ്ദേഹം അഗതികളുടെ സന്യാസസമൂഹം രൂപീകരിച്ചു. കടമക്കുടി, ആലങ്ങാട്, ആരക്കുഴ-മീൻകുന്നം എന്നീ ഇടവകകളിൽ വൈദികസേവനം അനുഷ്ഠിച്ചു. ആലുവ സെന്റ്. മേരീസ് ഹൈസ്കൂളിന്റെ മാനേജർ സ്ഥാനവും വഹിച്ചിരുന്നു. തന്റെ ജീവിതത്തില്‍ ഉടനീളം നിരാലംബരും ദരിദ്രരരുമായവര്‍ക്ക് കാരുണ്യത്തിന്‍റെ നീരുറവയായി അദ്ദേഹം മാറി. ദിവ്യകാരുണ്യ ഭക്തിയില്‍ ജ്വലിച്ചിരുന്ന അദ്ദേഹത്തിന്‍റെ തീക്ഷ്ണത റെയില്‍വേ തൊഴിലാളികള്‍ക്കുവേണ്ടി എല്ലാ ഞായറാഴ്ചയും ഷൊര്‍ണ്ണൂര്‍വരെ യാത്രചെയ്ത് വിശുദ്ധബലി അര്‍പ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1929 - ഒക്ടോബർ 5ന് അന്‍പത്തിമൂന്നാമത്തെ വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.

മരണശേഷം 80 വർഷങ്ങൾക്കു ശേഷമാണ് നാമകരണ നടപടികൾ ആരംഭിച്ചത്. 2009 സെപ്റ്റംബറിൽ സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിലാണ് ദൈവദാസ പ്രഖ്യാപനം നടത്തിയത്. വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നാമകരണ നടപടികൾക്ക് 2009-ൽ തുടക്കം കുറിച്ചു. ഇതിനായി കോന്തുരുത്തി മാർ യോഹന്നാൻ നെപുംസിയാനോസ് സുറിയാനി പള്ളിയിലെ ഇദ്ദേഹത്തിന്റെ കബറിടം തുറന്നു പരിശോധിച്ചു. തുടർന്ന് നാമകരണ കോടതി അംഗങ്ങൾ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിലിന്റെ അധ്യക്ഷതയിൽ സത്യപ്രതിജ്ഞ ചെയ്തു.

പിന്നീട് ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പ്രത്യേക പേടകത്തിലാക്കുകയും മാർ തോമസ് ചക്യത്തിന്റെ കാർമ്മികത്വത്തിൽ പുതിയ കബറിടത്തിൽ സംസ്കരിക്കുകയും ചെയ്തു. ഡോ. ജോയി ഫ്രാൻസിസ് വിതയത്തിൽ, ഡോ. മാത്യു പുതിയേടം, സിസ്റ്റർ കർമലത, സിസ്റ്റർ സ്റ്റെല്ലാമരിയ എന്നീ വിദഗ്ദ്ധരാണ് ഭൗതികാവശിഷ്ടങ്ങൾ പരിശോധിച്ചത്. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം (എസ്.ഡി സിസ്റ്റേഴ്സ്) ഇന്ന് 11 രാജ്യങ്ങളില്‍ 131 സ്ഥാപനങ്ങളിലായി 1,372-ഓളം വൃദ്ധസഹോദരങ്ങള്‍ക്കും, പലതരത്തില്‍ വേദന അനുഭവിക്കുന്ന രോഗികളും അശരണരുമായ 37,930-ഓളം സഹോദരങ്ങള്‍ക്കും സ്നേഹശുശ്രൂഷ ചെയ്യുന്നു.

ദൈവദാസന്‍ ഫാ. വർഗീസ് പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളിയെ കൂടാതെ വീരോചിതപുണ്യങ്ങള്‍ അംഗീകരിക്കപ്പെട്ട ഇതര ദൈവദാസരില്‍ 4 പേര്‍ ഇറ്റലിക്കാരും ശേഷിക്കുന്ന മൂന്നു ദൈവദാസര്‍ സ്പെയിന്‍, കാനഡ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.


Related Articles »