News - 2025
ആഗോള തലത്തില്‍ മതപീഡനം രൂക്ഷമാകുന്നതായി അമേരിക്കന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍ 27-04-2018 - Friday
വാഷിംഗ്‌ടണ്‍ ഡി.സി: മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ലോകം സാക്ഷ്യം വഹിച്ചതെന്ന് അമേരിക്കന്‍ കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (USCIRF). ഇക്കഴിഞ്ഞ ഏപ്രില്‍ 25-ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 28 രാജ്യങ്ങളില്‍ കഴിഞ്ഞവര്‍ഷം ഭരണകൂടങ്ങളുടെ ഒത്താശയോടേയോ അല്ലാതേയോ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങളാണ് നടന്നതെന്നു ചൂണ്ടിക്കാട്ടുന്നു. വംശഹത്യ, അടിമത്വം, മാനഭംഗം, തടവിലാക്കല്‍, ഭവനരഹിതരാക്കല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം, സ്വത്തുവകകള്‍ നശിപ്പിക്കല്‍, മതവിദ്യഭ്യാസ നിരോധനം തുടങ്ങിയവയായിരുന്നു മതപീഡനത്തിന്റെ പ്രധാന മാര്‍ഗ്ഗങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന മ്യാന്‍മര്‍, ചൈന, എറിത്രിയ, ഇറാന്‍, ഉത്തര കൊറിയ, സൗദി അറേബ്യ, സുഡാന്‍, താജികിസ്ഥാന്‍, ടര്‍ക്മെനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ 10 രാജ്യങ്ങള്‍ക്ക് പുറമേ പാക്കിസ്ഥാന്‍, സിറിയ, നൈജീരിയ, വിയറ്റ്നാം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളേയും ഉള്‍പ്പെടുത്തി 16 രാജ്യങ്ങളെയാണ് കടുത്ത മതപീഡനം നടക്കുന്ന ‘കണ്‍ട്രി ഓഫ് പര്‍ട്ടിക്കുലര്‍ കണ്‍സേണ്‍’ (CPC) എന്ന വിഭാഗത്തിലേക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശിച്ചത്. ഈ രാജ്യങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പുതുതായി നിര്‍ദ്ദേശിച്ച 6 രാജ്യങ്ങളില്‍ പാക്കിസ്ഥാനിലാണ് ഏറ്റവും കടുത്ത മതപീഡനം നടക്കുന്നതെന്നു യുഎസ്‌സിഐആര്‍എഫ് ചെയര്‍മാനായ ഡാനിയല്‍ മാര്‍ക്ക് വ്യക്തമാക്കി. ആസിയ ബീബി ഉള്‍പ്പെടെ ഏതാണ്ട് നാല്‍പ്പതോളം ആളുകളാണ് പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ ‘മതനിന്ദാ’ നിയമത്തിന്റെ പേരില്‍ വധശിക്ഷയും കാത്ത് ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പാക്കിസ്ഥാനെ പുതുതായി ചേര്‍ത്ത ‘സ്പെഷ്യല്‍ വാച്ച് ലിസ്റ്റ്’ലാണ് ഉള്‍പ്പെടുത്തിയിരുന്നത്.
2017-ല്‍ റഷ്യയിലും, ചൈനയിലും കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങളാണ് നടന്നതെന്ന് ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ചെയര്‍മാന്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത സഭയായ ‘ചൈനീസ് കത്തോലിക് പാട്രിയോട്ടിക് അസോസിയേഷ’ന്റെ മേലുള്ള നിയന്ത്രണം കമ്മ്യൂണിസ്റ്റ് നേതൃത്വം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഷിന്‍ജിയാംഗും, തിബത്തും ചൈനീസ് പോലീസിന്റെ കീഴിലായി കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ക്യൂബ, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, ഖസാഖിസ്ഥാന്‍, ലാവോസ്, മലേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളെ കടുത്തതല്ലാത്ത മതപീഡനം നടക്കുന്ന ‘ടയര്‍ 2’ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം രാജ്യങ്ങള്‍ക്ക് പുറമേ ‘പ്രത്യേകം ശ്രദ്ധിക്കേണ്ടവ’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റ്, അഫ്ഘാനിസ്ഥാനിലെ താലിബാന്‍, സോമാലിയയിലെ അല്‍-ഷബാബ് എന്നീ തീവ്രവാദി സംഘടനകളെയാണ്. സൈനീക നടപടികള്‍ വഴി തങ്ങളുടെ അടിച്ചമര്‍ത്തല്‍ നയം അയല്‍രാജ്യത്തിലേക്ക് കൂടി വ്യാപിപ്പിച്ചത് റഷ്യ മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.