News - 2024

കുരിശടയാളത്തോടുള്ള ജര്‍മ്മന്‍ സഭയുടെ വിയോജിപ്പ്‌ അപമാനകരം: അപ്പസ്തോലിക പ്രതിനിധി

സ്വന്തം ലേഖകന്‍ 04-05-2018 - Friday

വിയന്ന: സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ കുരിശ് സ്ഥാപിക്കണമെന്ന ജര്‍മ്മനിയിലെ ബാവരിയായിലെ പ്രാദേശിക സര്‍ക്കാര്‍ തീരുമാനത്തെ ജര്‍മ്മന്‍ മെത്രാന്‍മാരും പുരോഹിതന്‍മാരും വിമര്‍ശിച്ചത് അപമാനകരവും ഖേദകരവുമാണെന്ന് ഓസ്ട്രിയായിലെ അപ്പസ്തോലിക പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ സുര്‍ബ്രിജ്ജന്‍. ഇക്കഴിഞ്ഞ മെയ് 1-ന് ഹെലിജെന്‍ക്രൂസിലെ ബെനഡിക്ട് XVI ഫിലോസഫിക്കല്‍-തിയോളജിക്കല്‍ സര്‍വ്വകലാശാലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"അയല്‍ രാജ്യം കുരിശ് സ്ഥാപിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ മെത്രാന്‍മാരും പുരോഹിതരുമാണ് അതിനെ വിമര്‍ശിച്ചിരിക്കുന്നത്. മാര്‍പാപ്പായുടെ ഒരു പ്രതിനിധിയെന്ന നിലയില്‍ ഇത് എന്നെ സംബന്ധിച്ചിടത്തോളം ഇത് ഖേദകരവും, അപമാനകരവുമാണ്". 'വിശുദ്ധ കുരിശ്, എന്റെ വെളിച്ചം' എന്നതാണ് തന്റെ അപ്പസ്തോലിക മുദ്രാവക്യമെന്നും അദ്ദേഹം പറഞ്ഞു. കുരിശ് സ്ഥാപിക്കുവാനുള്ള ബാവേറിയന്‍ ഗവണ്‍മെന്റിന്റെ നടപടിയെ മ്യൂണിച്ചിലെ കര്‍ദ്ദിനാളായ റെയിന്‍ഹാര്‍ഡ് മാര്‍ക്സ്‌ വിമര്‍ശിച്ച സാഹചര്യത്തിലാണ് സുര്‍ബ്രിജ്ജന്‍ മെത്രാപ്പോലീത്ത വിമര്‍ശനങ്ങളെ അപലപിച്ചത്. ബാവരിയന്‍ ഗവണ്‍മെന്റ് വിഭാഗീയതക്കും, കുഴപ്പങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണെന്നാണ് നേരത്തെ കര്‍ദ്ദിനാള്‍ മാര്‍ക്സ് അഭിപ്രായപ്പെട്ടത്.

വിശുദ്ധ നാട് സന്ദര്‍ശിക്കുമ്പോള്‍ ചില മെത്രാന്‍മാര്‍ തങ്ങളുടെ നെഞ്ചില്‍ കുരിശ് ധരിക്കാത്തതും ഖേദകരമാണെന്നും സുര്‍ബ്രിജ്ജന്‍ മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. ഇതിനിടെ റിജന്‍സ്ബര്‍ഗിലെ മെത്രാനായ റുഡോള്‍ഫ് വോഡര്‍ഹോള്‍സറും ബാവരിയ ഗവണ്‍മെന്റിന്റെ നടപടിയെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്തെത്തി. പാശ്ചാത്യ സംസ്കാരത്തിന്റേയും, സ്നേഹത്തിന്റേയും അടയാളവും, പ്രകടനവുമാണ് കുരിശെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഗവണ്‍മെന്റ് കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങളില്‍ കുരിശ് പ്രദര്‍ശിപ്പിച്ചിരിക്കണമെന്ന ബാവരിയ പ്രസിഡന്റ് മാര്‍കുസ് സോഡറിന്റെ ഉത്തരവ് സ്വാഗതം ചെയ്തുകൊണ്ട് നിരവധി പേര്‍ രംഗത്തുണ്ടെന്ന് ശ്രദ്ധേയമാണ്.


Related Articles »