News

ദാവീദിന്‍റെ സാമ്രാജ്യത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുമായി ഇസ്രായേലി ഗവേഷകര്‍

സ്വന്തം ലേഖകന്‍ 04-05-2018 - Friday

ജറുസലേം: പഴയ നിയമത്തിലെ ദാവീദിന്റേയും, സോളമന്റേയും സാമ്രാജ്യത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുമായി ഇസ്രായേലി പുരാവസ്തുഗവേഷകര്‍. ബാര്‍-ഇലാന്‍ സര്‍വ്വകലാശാലയിലെ ഗവേഷകരായ പ്രൊഫ. അവറാഹം ഫോസ്റ്റും, ഡോ. യായിര്‍ സാപിറുമാണ് കണ്ടെത്തലിനു പിന്നില്‍. ജറുസലേമിനടുത്ത് ടെല്‍ ഏട്ടണില്‍ നടത്തിയ പുരാവസ്തു ഖനനത്തില്‍ ക്രിസ്തുവിന് മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ അസീറിയക്കാരുടെ ആക്രമണത്തിനിടക്ക് അഗ്നിക്കിരയായ ഒരു വലിയ ഭവനത്തിന്റെ അവശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്കു ദാവീദിന്റേയും സോളമന്റേയും നഗരവുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

കണ്ടെത്തിയ നിര്‍മ്മിതിയുടെ ഭൂമിയോട് ചേര്‍ന്ന നിലയുടെ വിസ്തൃതി 2,460 ചതുരശ്ര അടിയിലധികം വരും. ഉന്നത ഗുണനിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് താഴ്ന്ന അടിവാരത്തില്‍ ഉറച്ച അടിത്തറയോട് കൂടിയാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. ദാവീദും അദ്ദേഹത്തിന്റെ മകനായ സോളമനും ഭരിച്ചിരുന്ന സംയുക്ത രാജ്യത്തിന്റെ (യുണൈറ്റഡ് മൊണാര്‍ക്കി) അവശേഷിപ്പുകളാണ് തങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് പ്രൊഫ. അവറാഹം ഫോസ്റ്റിന്റെയും ഡോ. യായിര്‍ സാപിറിന്റെയും വാദം.

ടെല്‍ ഏട്ടണില്‍ നിന്നും കണ്ടെത്തിയിരിക്കുന്ന ഭവനം യുണൈറ്റഡ് മൊണാര്‍ക്കി നിലനിന്നിരുന്ന കാലഘട്ടത്തിലേതാണെന്നാണ് പ്രൊഫ. ഫോസ്റ്റും, ഡോ. സാപിറും അവകാശപ്പെടുന്നത്. ക്രിസ്തുവിന് മുന്‍പ് പത്താം നൂറ്റാണ്ടില്‍ ദാവീദിന്റെ സാമ്രാജ്യം നിലനിന്നിരുന്നതെന്നാണ് അനുമാനം. അവശേഷിപ്പുകളില്‍ നടത്തിയ റേഡിയോ കാര്‍ബണ്‍ കാലഗണന പരിശോധനയില്‍ നിന്നും ഭവനം ക്രിസ്തുവിന് മുന്‍പ് പത്താം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്.

റേഡിയോ കാര്‍ബണ്‍ എന്ന മാസികയിലാണ് ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമീപകാലങ്ങളില്‍ ഈ മേഖലയില്‍ നിന്നും ബൈബിള്‍ ചരിത്ര സത്യമാണെന്ന് തെളിയിക്കുന്ന പുരാവസ്തുപരമായ നിരവധി കണ്ടെത്തലുകളും നടന്നിട്ടുണ്ട്. ഏശയ്യ പ്രവാചകന്റെ ഒപ്പോടു കൂടിയ കളിമണ്‍ മുദ്ര, ഓട്ടു നാണയങ്ങള്‍ തുടങ്ങിയവ അവയില്‍ ഉള്‍പ്പെടുന്നു.


Related Articles »