News - 2025
ഭ്രൂണഹത്യ തടയാനുള്ള ട്രംപിന്റെ നീക്കത്തെ അഭിനന്ദിച്ച് ദേശീയ മെത്രാന്‍ സമിതി
സ്വന്തം ലേഖകന്‍ 23-05-2018 - Wednesday
വാഷിംഗ്ടണ്‍ ഡിസി: കുടുംബാസൂത്രണം, ജനനനിരക്ക് കുറക്കുന്ന മറ്റ് ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്കു ധനസഹായമനുവദിക്കുന്ന 'ടൈറ്റില്‍ എക്സ് കുടുംബാസൂത്രണ പദ്ധതി' (Title X Family Planning Program) യില്‍ നിന്നും ഭ്രൂണഹത്യയെ നീക്കം ചെയ്യുമെന്നുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് അമേരിക്കന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ്. ദേശീയ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് പ്രവര്‍ത്തന കമ്മിറ്റിയുടെ ചെയര്‍മാനായ കര്‍ദ്ദിനാള്‍ തിമോത്തി ഡോളനാണ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയത്. ടൈറ്റില്‍ എക്സ് കുടുംബാസൂത്രണ പദ്ധതിയില്‍ നിന്നും ഭ്രൂണഹത്യ ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനം അഭിനന്ദനമര്‍ഹിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
അബോര്‍ഷന്‍ ഒരു കുട്ടിയുടെ ജീവന്‍ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്, ചിലപ്പോള്‍ അമ്മയുടെ ജീവനും. കുടുംബത്തിലെ മറ്റ് കുട്ടികളേയും, സുഹൃത്തുക്കളേയും വരെ ഇത് ബാധിക്കുന്നു. ഗര്‍ഭഛിദ്രത്തിന് കുടുംബാസൂത്രണവുമായി ബന്ധമില്ലെന്നു തന്നെയാണെന്നാണ് ഭൂരിഭാഗം അമേരിക്കക്കാരുടേയും അഭിപ്രായം. അതിനാല്‍ തന്നെ ജനങ്ങളുടെ നികുതി പണം കൊണ്ട് കുടുംബാസൂത്രണം പ്രചരിപ്പിക്കേണ്ട ആവശ്യവുമില്ല. വളരെകാലമായി ടൈറ്റില്‍ എക്സ് കുടുംബാസൂത്രണ പദ്ധതിയുടെ പേരിലുള്ള ധനസഹായത്താല്‍ ഗര്‍ഭഛിദ്ര വ്യവസായം ശക്തിപ്രാപിച്ചു വരികകകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
താഴ്ന്ന വരുമാനമുള്ള സ്ത്രീകളുടെ പ്രസവത്തിനു വേണ്ട സഹായങ്ങള്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 1970-ല്‍ ടൈറ്റില്‍ എക്സ് ഫാമിലി പ്ലാനിംഗ് പദ്ധതി രൂപീകരിച്ചത്. ഇതില്‍ ഭ്രൂണഹത്യക്ക് പ്രത്യേക വിലക്കുണ്ടായിരുന്നു. കാലക്രമേണ അബോര്‍ഷന് വേണ്ടിയുള്ള നിയമപരമായ ഒരുപകരണമായി മാറുകയായിരുന്നു ഈ പദ്ധതി. അബോര്‍ഷന് ശുപാര്‍ശ ചെയ്‌താല്‍ മാത്രമേ ഈ സഹായധനം ലഭിക്കൂ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി. ഇതിന്റെ ഫലമായിട്ടാണ് കുടുംബാസൂത്രണവും അബോര്‍ഷനും തമ്മില്‍ നേരിട്ടുള്ള ഒരു ബന്ധം സൃഷ്ടിക്കപ്പെട്ടതെന്നും, ടൈറ്റില്‍ എക്സ് ഫാമിലി പ്ലാനിംഗ് സഹായം ലഭിച്ചവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ഇതിന്റെ തെളിവാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള കര്‍ദ്ദിനാളിന്റെ പ്രസ്താവന അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. അധികാരത്തില്‍ കയറിയത് മുതല്‍ ശക്തമായ പ്രോലൈഫ് നിലപാടാണ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ചൈനാ ഗവണ്‍മെന്റിന്റെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളില്‍ യുഎന്‍ സംഘടനയായ യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (UNFPA) ഭാഗമായതിനെ തുടര്‍ന്നു സംഘടനക്കുള്ള ധനസഹായം ട്രംപ് നിര്‍ത്തലാക്കിയിരിന്നു.