News - 2024

"വത്തിക്കാൻ നയതന്ത്രബന്ധം ഇന്ത്യ ഉപേക്ഷിക്കണം": ബി‌ജെ‌പി നേതാവ്

സ്വന്തം ലേഖകൻ 26-05-2018 - Saturday

ന്യൂഡൽഹി: വത്തിക്കാനുമായുള്ള ഭാരതത്തിന്റെ നയതന്ത്ര ബന്ധവും ന്യൂഡൽഹിയിലെ അപ്പസ്തോലിക കാര്യാലയവും നിർത്തലാക്കണമെന്ന ബി‌ജെ‌പി നേതാവും എം‌പിയുമായ സുബ്രഹ്മണ്യ സ്വാമി പ്രധാനമന്ത്രിയോട് ട്വിറ്ററിൽ നടത്തിയ ആവശ്യം വിവാദത്തിൽ. രാജ്യത്തിന്റെ നന്മയ്ക്കായി ഉപവസിച്ച് പ്രാർത്ഥിക്കണമെന്ന ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോയുടെ ആഹ്വാനത്തെ വിമർശിച്ച് മെയ് 23 ന് ബിജെപി അനുയായിയായ സുബ്രമണ്യ സ്വാമി നടത്തിയ പ്രസ്താവനയാണ് വൻ പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതിനിടെ ക്രൈസ്തവർക്കെതിരെ ജനവികാരം ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് സുബ്രമണ്യ സ്വാമി പ്രസ്താവന നടത്തിയതെന്ന ആരോപണം ശക്തമാകുകയാണ്.

മതേതരത്വത്തിന് രാജ്യത്തു ഭീഷണി നേരിടുകയാണെന്നും വരുന്ന തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു എല്ലാവരും തീക്ഷ്ണമായി പ്രാർത്ഥിക്കണമെന്നും ഡൽഹി ആർച്ച് ബിഷപ്പ് പ്രസ്താവന ഇറക്കിയിരുന്നു. വെള്ളിയാഴ്ചകളിൽ ഒരു നേരം ഉപവാസമെടുത്ത് ആരാധനയിൽ രാഷ്ട്രത്തെ സമർപ്പിച്ച് പ്രാർത്ഥിക്കണമെന്ന നിർദ്ദേശമാണ് ആർച്ച് ബിഷപ്പ് അതിരൂപതയിലെ ഇടവകകൾക്കും ക്രൈസ്തവസ്ഥാപനങ്ങൾക്കും നൽകിയത്.

ഇതേ തുടർന്ന് സംഘപരിവാർ നേതാക്കന്മാർ ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയെ പരിഹസിച്ചു രംഗത്തെത്തി. അതേ സമയം ആർച്ച് ബിഷപ്പിനെ പിന്തുണച്ച് വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി, മമത ബാനർജി ട്വീറ്റ് ചെയ്തു. രാജ്യം നേരിടുന്ന ആശങ്കകളാണ് അദ്ദേഹം പങ്കുവെച്ചതെന്നു അവർ വിലയിരുത്തി.


Related Articles »