News - 2025

പോളണ്ട് പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 06-06-2018 - Wednesday

വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും ശക്തമായ കത്തോലിക്ക രാജ്യമായ പോളണ്ടിന്‍റെ പ്രധാനമന്ത്രി മാറ്റ്യൂസ് മോറാവീക്കി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ജൂണ്‍ 4 തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയിലെ ഓഫിസിലാണ് കൂടിക്കാഴ്ച നടന്നത്. പോളണ്ടും വത്തിക്കാനും തമ്മിലുള്ള സാമൂഹികമേഖലയിലെ എല്ലാബന്ധങ്ങളെയും ഊട്ടിയുറപ്പിക്കുന്ന ചര്‍ച്ചകള്‍ ആണ് നടന്നതെന്നും കുടുംബ നയങ്ങളും ധാര്‍മ്മിക സ്വഭാവമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നും വത്തിക്കാന്‍റെ പ്രസ് ഓഫിസ് മേധാവി, ഗ്രെഗ് ബെര്‍ക്ക് റോമില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

വത്തിക്കാനും പോളണ്ടും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ഫലപ്രദമാകുന്നതിനുള്ള തുടര്‍ ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വിദേശകാര്യങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ ഗല്ലാഗറുമായും ചര്‍ച്ച നടത്തി. പോളിഷ് പൗരനായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ കല്ലറയില്‍ പുഷ്പങ്ങള്‍ സമര്‍പ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയും സംഘവും റോമില്‍ നിന്നു മടങ്ങിയത്.


Related Articles »