News - 2025
ഫ്രഞ്ച് പ്രസിഡന്റുമായുള്ള മാര്‍പാപ്പയുടെ കൂടിക്കാഴ്ച അസാധാരണമായി
സ്വന്തം ലേഖകന്‍ 27-06-2018 - Wednesday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തലവന്മാരുമായി മാര്‍പാപ്പ നടത്താറുള്ള കൂടിക്കാഴ്ച അര മണിക്കൂര്‍ കൊണ്ട് അവസാനിക്കുന്ന പതിവിന് വിപരീതമായി കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടത് അസാധാരണമായി. ഇന്നലെ ചൊവ്വാഴ്ച (26/06/18) അപ്പസ്‌തോലിക കൊട്ടാരത്തിലെ പേപ്പല്‍ ലൈബ്രറിയിലാണ് സൗഹൃദ കൂടിക്കാഴ്ച നടന്നത്. അഭയാര്‍ത്ഥി പ്രശ്‌നം, പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും സംഘര്‍ഷങ്ങള്‍, യൂറോപ്പിന്റെ ഭാവി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്നു വത്തിക്കാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
പരിശുദ്ധ സിംഹാസനവും ഫ്രാന്‍സും തമ്മിലുള്ള ബന്ധങ്ങളിലും പൊതുനന്മ പരിപോഷിപ്പിക്കുന്നതിന് സഭ നല്‍കുന്ന സംഭാവനകളിലും ഇരുവരും സംതൃപ്തി രേഖപ്പെടുത്തി. ഭരണത്തില്‍ മതത്തെ ഇടപെടുത്താന്‍ മക്രോണ്‍ ശ്രമിക്കുകയാണെന്ന് ഫ്രഞ്ച് വിമര്‍ശകര്‍ ആരോപിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വത്തിക്കാന്‍ സന്ദര്‍ശനം. പാപ്പായുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശബന്ധ കാര്യാലയത്തിന്‍റെ മേധാവി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാഡ് ഗല്ലാഗെറുമായി സംഭാഷണം നടത്തി. ദൈവ വിശ്വാസമില്ലാത്ത കുടുംബത്തില്‍ വളര്‍ന്ന മക്രോണ്‍ 12ാം വയസില്‍ സ്വന്തം ഇഷ്ടപ്രകാരം കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയായിരുന്നു.