News - 2025
ഫിലിപ്പീന്‍സ് പ്രസിഡന്റിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി വില്ലേഗാസ് മെത്രാപ്പോലീത്ത
സ്വന്തം ലേഖകന്‍ 26-06-2018 - Tuesday
മനില: ദൈവത്തിന്റെ അസ്തിത്വത്തെയും ബൈബിളിനേയും പരസ്യമായി നിന്ദിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടെര്‍ട്ടിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച് ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ്. കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള പ്രസിഡന്റിന്റെ പ്രസ്താവനയില്‍ ദുഃഖം പ്രകടിപ്പിച്ച ലിങ്ങായെന്‍ അതിരൂപതയിലെ മെത്രാപ്പോലീത്തയായ സോക്രട്ടീസ് വില്ലിഗാസ്, ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുള്ള പ്രസിഡന്‍റിന്റെ തെറ്റിദ്ധാരണകളെ തിരുത്തേണ്ടിയിരിക്കുന്നുവെന്നും പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദവാവോ നഗരത്തിലെ 2018 നാഷ്ണല്‍ ഐസിടി ഉച്ചകോടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗത്തിലാണ് ഫിലിപ്പീന്‍സ് പ്രസിഡന്റ് ക്രൈസ്തവ വിശ്വാസത്തേയും, വിശുദ്ധ ഗ്രന്ഥത്തേയും നിന്ദിച്ചുകൊണ്ട് സംസാരിച്ചത്. പ്രസിഡന്റിന്റെ ഭൂതകാലത്തു മുറിവേറ്റ ജീവിത പശ്ചാത്തലമായിരിക്കാം അദ്ദേഹത്തിന്റെ ദൈവനിന്ദയുടെ കാരണമെന്ന്‍ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. നമുക്ക് അദ്ദേഹത്തിന്റെ സൗഖ്യത്തിനു വേണ്ടിയും ദൈവം അദ്ദേഹത്തോട് ക്ഷമിക്കുന്നതിനു വേണ്ടിയും പ്രാര്‍ത്ഥിക്കാമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
അതേസമയം തന്റെ പരസ്യമായ ദൈവനിന്ദക്ക് മാപ്പപേക്ഷിക്കുന്നതിന് പകരം, സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്നു ആരോപിച്ച് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്ന ഓസ്ട്രേലിയന്‍ കന്യാസ്ത്രീയായ പട്രീഷ്യ ഫോക്സിന്റെ കേസുമായി ബന്ധപ്പെടുത്തിയാണ് താന്‍ ദൈവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയതെന്ന വിചിത്രമായ ന്യായീകരണമാണ് പ്രസിഡന്റ് റോഡ്രിഗോ നല്‍കിയിരിക്കുന്നത്. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പീന്‍സിന്റെ തലവന്‍റെ പ്രസ്താവനയെ അപലപിച്ച് നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.