News - 2025

തുർക്ക്മെനിസ്ഥാനിലെ കത്തോലിക്ക സമൂഹത്തിന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു

സ്വന്തം ലേഖകന്‍ 26-06-2018 - Tuesday

അഷ്ഗബത്: മധ്യേഷ്യന്‍ രാജ്യമായ തുർക്ക്മെനിസ്ഥാനിലെ കത്തോലിക്കാ വിശ്വാസ സമൂഹത്തിന്റെ ദേവാലയത്തിന് വേണ്ടിയുള്ള വര്‍ഷങ്ങളായുള്ള സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു. രാജ്യ തലസ്ഥാനമായ അഷ്ഗബത്തിൽ തുർക്ക്മെനിസ്ഥാന്റെ ഉപ പ്രധാനമന്ത്രി റാസിത് മെറിഡോവും അപ്പസ്തോലിക പ്രതിനിധി ആർച്ച് ബിഷപ്പ് പോൾ റസലും തമ്മില്‍ നടന്ന കൂടിക്കാഴ്ച രാജ്യത്തുളള വളരെ ചെറിയൊരു ശതമാനം ക്രെെസ്തവ വിശ്വാസികൾക്ക് ഒന്നിച്ച് കൂടാൻ ഒരു ദേവാലയം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

മേയ് ഇരുപത്തി എട്ടുമുതൽ ജൂൺ നാലുവരെ തുർക്കിയുടെയും, തുർക്ക്മെനിസ്ഥാന്റെയും, അസർബൈജാന്റെയും അപ്പസ്തോലിക പ്രതിനിധിയായ ആർച്ച് ബിഷപ്പ് പോൾ റസൽ നടത്തിയ ഇടയ സന്ദർശനമാണ് പുതിയ പ്രതീക്ഷയ്ക്കു വഴി ഒരുക്കിയത്. നിലവില്‍ തുർക്ക്മെനിസ്ഥാനിലെ ഇരുനൂറോളം വരുന്ന ക്രെെസ്തവ വിശ്വാസികൾ രാജ്യ തലസ്ഥാനത്തെ പേപ്പല്‍ എംബസിയിലാണ് വിശുദ്ധ കുർബാനയ്ക്കായി ഒരുമിച്ച് കൂടുന്നത്. ഈ സാഹചര്യത്തിന് മാറ്റമുണ്ടായി പുതിയ ദേവാലയം നിര്‍മ്മിക്കുവാന്‍ സാധ്യതകള്‍ തെളിയുന്നതായാണ് വിവരം.

ഒബ്ളേറ്റ്സ് ഒാഫ് മരിയ ഇമ്മാക്കുലേറ്റ് എന്ന കോണ്‍ഗ്രിഗേഷന്‍ അംഗവും, രൂപതയ്ക്കു സമാനമായ തുർക്ക്മെനിസ്ഥാനിലെ മിഷൻ പ്രദേശത്തിന്റെ തലവനുമായ ആൻഡ്രൂസ് മഡേജ് എന്ന പോളിഷ് വൈദികനാണ് ഇത് സംബന്ധിച്ച സൂചനകള്‍ പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ ഫിഡ്സിനോട് വെളിപ്പെടുത്തിയത്. ഉപ പ്രധാനമന്ത്രിയുടെയും അപ്പസ്തോലിക പ്രതിനിധിയുടെയും കൂടികാഴ്ച്ചയ്ക്കു ശേഷം സഭ രാജ്യത്തുളള ഭരണ വകുപ്പുകളുമായുളള ചർച്ചയ്ക്ക് തുടക്കമിട്ടുവെന്ന്‍ അദ്ദേഹം വെളിപ്പെടുത്തി.

മരിയ ഇമ്മാക്കുലേറ്റ് വെെദിക സമൂഹത്തിലെ രണ്ടു പുരോഹിതരാണ് രാജ്യത്തെ വിശ്വാസി സമൂഹത്തെ നയിക്കുന്നത്. ഇവരെ വത്തിക്കാൻ എംബസിയുടെ പ്രതിനിധികൾ മാത്രമായാണ് സർക്കാർ കണ്ടിരുന്നത്. ആരംഭ ഘട്ടത്തില്‍ വിശ്വാസി സമൂഹം ഒാരോ ഭവനങ്ങളിലാണ് ഒന്നിച്ചു കൂടിയിരുന്നതെന്നു ഫാ. ആൻഡ്രൂസ് പറഞ്ഞു. എന്നാൽ 2010-ൽ കത്തോലിക്കാ സഭയുടെ രാജ്യത്തുളള സാന്നിദ്ധ്യത്തെ സർക്കാർ ഔദ്യോഗികമായി അംഗീകരിക്കുകയായിരിന്നു. പേപ്പല്‍ എംബസിക്ക് പുറമെ ഒരു ദേവാലയം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് തുർക്ക്മെനിസ്ഥാനിലെ കത്തോലിക്ക സമൂഹം.

More Archives >>

Page 1 of 333