News - 2025
നിയുക്ത കര്‍ദ്ദിനാളുന്മാരുടെ സ്ഥാനാരോഹണം ഇന്ന്
സ്വന്തം ലേഖകന്‍ 28-06-2018 - Thursday
വത്തിക്കാന്‍ സിറ്റി: പുതുതായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച കര്‍ദ്ദിനാളുന്മാരുടെ സ്ഥാനാരോഹണം ഇന്ന് നടക്കും. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ഇന്നു ചേരുന്ന കര്‍ദ്ദിനാളന്മാരുടെ സാധാരണ പൊതുസമ്മേളനത്തിലാണ് ആഗോളസഭയിലെ നിയുക്ത കര്‍ദ്ദിനാളന്മാരെ ഫ്രാന്‍സിസ് പാപ്പ വാഴിക്കുന്നത്. നാളെ വിശുദ്ധ പത്രോസ് പൌലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ പുതിയ കര്‍ദ്ദിനാളുമാര്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സഭയിലെ മറ്റ് കര്‍ദ്ദിനാളുമാര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരാകും.
മെയ് 20 തീയതി, പെന്തക്കോസ്ത തിരുനാള്‍ ദിനത്തില്‍ വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് സഭയിലെ പുതിയ കര്‍ദ്ദിനാളന്മാരുടെ പേരുകള്‍ പാപ്പാ പ്രഖ്യാപിച്ചത്. പുതുതായി പ്രഖ്യാപിച്ച 14 പേരില്‍ മൂന്നുപേര്‍ 80 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. മറ്റു 11 പേരെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളവരുടെ എണ്ണം 125 ആയി ഉയരും. പീഡന ഭൂമിയായ ഇറാഖില്‍ നിന്നുള്ള കല്‍ദായ ബിഷപ്പ് ലൂയിസ് റാഫേല്‍ സാക്കോ ഒന്നാമനും ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനില്‍ നിന്നു കറാച്ചി ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്സും കര്‍ദ്ദിനാള്‍ സംഘത്തിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
റോമിലെ വിശ്വാസതിരുസംഘത്തിന്റെ പ്രിഫെക്ട് ആര്‍ച്ച് ബിഷപ്പ് ലൂയിസ് ലഡാരിയ, റോമിലെ വികാരി ജനറാള്‍ ആര്‍ച്ച് ബിഷപ്പ് ആഞ്ചലോ ഡി ഡോണാറ്റിസ്, വത്തിക്കാന്‍ വിദേശകാര്യ സമിതിയുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജിയോവാന്നി ആഞ്ചലോ ബെച്ചിയോ, വത്തിക്കാന്‍ ജീവകാരുണ്യ സംഘടനയുടെ അല്‍മൊണാര്‍ ആര്‍ച്ച് ബിഷപ്പ് കോണ്‍റാഡ് ക്രയേവ്്ദകി, പോര്‍ച്ചുഗലിലെ ലീറിയ ഫാത്തിമ ബിഷപ്പ് അന്റോണിയോ ഡോസ് സാന്റോസ് മാര്‍ട്ടോ, പെറുവിലെ ഹുവാന്‍ചായോ ആര്‍ച്ച് ബിഷപ്പ് പെദ്രോ ബാരെറ്റോ, മഡഗാസ്കറില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ഡിസൈര്‍ സരാഹാസ്ന, ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പ് ഗ്വിസെപ്പെ പെട്രോച്ചി, ഒസാക്ക ആര്‍ച്ച് ബിഷപ്പ് തോമസ് അക്വിനാസ് മാന്യോ, മെക്സിക്കോയിലെ ക്സലാപ എമരിറ്റസ് ആര്‍ച്ച് ബിഷപ്പ് സെര്‍ജിയോ ഒബെസോ റിവേര, ബൊളിവിയന്‍ എമരിറ്റസ് ബിഷപ്പ് ടോരിബിയോ ടികോണാ പോര്‍കോ, ക്ലരീഷ്യന്‍ സഭാംഗമായ സ്പാനിഷ് വൈദികന് ഫാ. അക്വിലിനോ ബോകോസ് മെറിനോ എന്നിവരാണ് കര്‍ദ്ദിനാള്‍ സംഘത്തിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റുള്ളവര്‍.