News - 2025
പോളിഷ് ക്രെെസ്തവരുടെ എെതിഹാസിക ചരിത്ര വിവരണങ്ങളുമായി മ്യൂസിയം
സ്വന്തം ലേഖകന്‍ 28-06-2018 - Thursday
വാര്‍സോ: നാസികളിൽ നിന്നും യഹൂദരെ രക്ഷിക്കാൻ പോളണ്ടിലെ ക്രെെസ്തവർ നടത്തിയ എെതിഹാസിക പരിശ്രമങ്ങളുടെ വിവരണങ്ങളുമായി പോളണ്ടിലെ ടോറനില്‍ പുതിയ മ്യൂസിയം തുറക്കുന്നു. ജൂത കൂട്ടകൊലയുടെ സമയത്ത് പോളണ്ടിലെ ക്രെെസ്തവർ യഹൂദരെ രക്ഷിക്കാൻ നടത്തിയ എെതിഹാസിക പരിശ്രമങ്ങളുടെ നാൽപതിനായിരത്തോളം വരുന്ന സംഭവ വിവരണങ്ങളുമായാണ് മ്യൂസിയം ആരംഭിക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ പേരില്‍ ആരംഭിക്കുന്ന മ്യൂസിയത്തിന് പോളിഷ് സാംസ്കാരിക ദേശീയ പൈതൃക വകുപ്പ് 22 മില്യൺ ഡോളര്‍ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. "സെന്‍റ് ജോൺ പോൾ റ്റു, മെമ്മറി ആന്‍ഡ് എെഡൻറ്റിറ്റി മ്യൂസിയം" എന്നാണ് പേര്.
ക്രിസ്‌തീയ പോളണ്ടിന്റെ ആയിരം വർഷത്തെ ചരിത്രം ജനങ്ങളിൽ എത്തിക്കുന്നതിനോടൊപ്പം, പോളണ്ടുകാരനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പ്രബോധനങ്ങളും, പാപ്പയുടെ പ്രബോധനങ്ങൾ പോളണ്ടിനെയും യൂറോപ്പിനെയും ലോകത്തെയും എങ്ങനെയൊക്കെ സ്വാധീനിച്ചു തുടങ്ങിയവ അടക്കമുള്ള വിവരങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് മ്യൂസിയത്തിന്റെ പ്രധാന ലക്ഷ്യം. നാസികളിൽ നിന്നും യഹൂദരെ രക്ഷിക്കാൻ പോളണ്ടിലെ കത്തോലിക്കാ വിശ്വാസികൾ നടത്തിയ ശ്രമങ്ങളുടെ ദൃക്‌സാക്ഷി വിവരണവും മ്യൂസിയത്തിൽ ഉണ്ടാകും. ലെക്സ് വെരിത്താത്തിസ് ഫൗണ്ടേഷനാണ് മ്യൂസിയത്തിന്റെ നടത്തിപ്പ് ചുമതല.