News - 2025

ആഫ്രിക്ക നേരിടുന്ന സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം ബൈബിൾ; പ്രത്യേക പദ്ധതിയുമായി സന്നദ്ധ സംഘടന

സ്വന്തം ലേഖകന്‍ 01-07-2018 - Sunday

ബംഗൂയി: രാഷ്ട്രീയ അരക്ഷിതാവസ്ഥ രൂക്ഷമായ മദ്ധ്യാഫ്രിക്കയിൽ സമാധാനം സംജാതമാകുവാന്‍ ബൃഹത്തായ ബൈബിള്‍ പദ്ധതിയുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ്. സംഘര്‍ഷഭരിതമായ പ്രദേശങ്ങളില്‍ പുതിയ നിയമത്തിന്റെ കോപ്പികള്‍ വ്യാപകമായി എത്തിക്കുവാനാണ് സന്നദ്ധ സംഘടന പദ്ധതിയിടുന്നത്. പ്രാദേശിക ഭാഷയായ സാങ്ങ്ഗോയിൽ മുപ്പതിനായിരം പുതിയ നിയമ കോപ്പികൾ പ്രിന്റ് ചെയ്യാൻ അമ്പത്തിയാറായിരം ഡോളർ നീക്കിവച്ചിട്ടുണ്ടെന്ന് സംഘടനാവൃത്തങ്ങള്‍ വ്യക്തമാക്കി.

നിരാശജനകമായ അവസ്ഥയിലും വിശ്വാസികളിൽ പ്രത്യാശ നൽകാൻ ബൈബിൾ വായന ഉപകരിക്കുമെന്ന് ചർച്ച് ഇൻ നീഡ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന എഡ്വാർഡ് ക്ലാൻസി പറഞ്ഞു. സ്വജീവൻ നല്കിയ സ്നേഹത്തെ വിവരിക്കുന്ന ബൈബിളിലൂടെ ക്ഷമയുടേയും കരുണയുടേയും മാതൃക നല്കുന്നു. സൃഷ്ടാവായ ദൈവത്തെ അടുത്തറിയാനും ബൈബിൾ ഉപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദൈവവചനമാണ് സഭയുടെ ആയുധമെന്ന് ബംഗൂയി ആർച്ച് ബിഷപ്പ് കർദ്ദിനാൾ ദിയുഡോൺ നസപലിങ്ക പറഞ്ഞു.

സംഘര്‍ഷഭരിതമായ ആഫ്രിക്കയില്‍ സുവിശേഷ പ്രഘോഷണം ഒരു വെല്ലുവിളിയാണ്. ആഭ്യന്തര കലഹവും, ദാരിദ്ര്യവുമാണ് ആഫ്രിക്കന്‍ ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. വിവിധ കത്തോലിക്ക സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഭക്ഷണവും ശുദ്ധജലവും അവശ്യ വസ്തുക്കളും ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. എന്നാല്‍ സംഘര്‍ഷാവസ്ഥക്ക് മാറ്റം വരാത്ത സാഹചര്യത്തിലാണ് വിശുദ്ധ ഗ്രന്ഥം കൊണ്ട് സമാധാനം സംജാതമാക്കുവാന്‍ സഭ ശ്രമം നടത്തുന്നത്. സമാധാന ശ്രമങ്ങൾക്കിടയിലും ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ രൂക്ഷമാണ്.

More Archives >>

Page 1 of 335