News - 2025
ഭാരതത്തിൽ ക്രൈസ്തവർക്കു നേരെ ഓരോ മാസവും ഇരുപത് ആക്രമണങ്ങൾ
സ്വന്തം ലേഖകന്‍ 06-07-2018 - Friday
ന്യൂഡൽഹി: ഭാരതത്തിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായി വീണ്ടും റിപ്പോര്‍ട്ട്. ഈ വർഷം മാത്രം നൂറോളം ആക്രമണങ്ങളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മതസ്വാതന്ത്ര്യത്തിനും ജീവന്റെ മഹത്വത്തിനുമായി പ്രവർത്തിക്കുന്ന ആലിയന്‍സ് ഡിഫന്റിങ്ങ് ഫ്രീഡം (എഡിഫ് ) എന്ന ക്രൈസ്തവ സംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 2018 ജനുവരി മുതൽ മെയ് വരെയുള്ള കണക്കുകൾ പ്രകാരം ഓരോ മാസവും ഇരുപതോളം ആക്രമണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2018 ജനുവരിയിൽ 21, ഫെബ്രുവരിയിൽ 19, മാർച്ചിൽ 20, ഏപ്രിലിൽ 17, മെയ് മാസത്തില്‍ 24 എന്നിങ്ങനെ നൂറ്റിയൊന്ന് കേസുകളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തു ക്രൈസ്തവ പ്രാർത്ഥന കൂട്ടായ്മകള്‍ക്കു നേരെ ഭീഷണിയും ആക്രമണങ്ങളും വർദ്ധിച്ചു വരുന്നു. ക്രൈസ്തവ വിശ്വാസികളായ സ്ത്രീകൾക്കും കുട്ടികളെയും അക്രമം വ്യാപകമാണ്. കേസ് റജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്ന പോലീസിന്റെ മനോഭാവം ആശങ്കയുണർത്തുന്നുവെന്നും ആദ്യമായി ഡൽഹി, ഗോവ, പോണ്ടിച്ചേരി, രാജസ്ഥാൻ എന്നിവിടങ്ങളില്‍ ക്രൈസ്തവർക്ക് നേരെ അക്രമണങ്ങൾ ആരംഭിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മതേതര പാര്‍ട്ടികള്‍ ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലും ഭാരതീയ ജനത പാര്ട്ടി ഭരിക്കുന്ന പതിനാല് സംസ്ഥാനങ്ങളിലും ഒരുപോലെ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നതായി ക്രൈസ്തവ നിയമപണ്ഡിത ടെഹമിന അറോറ വിലയിരുത്തി.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം നല്കിയ ഹെൽപ്പ് ലൈൻ നമ്പറിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ ക്രൈസ്തവർക്കെതിരെ എഴുനൂറ്റിയമ്പത് ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തീവ്ര ഹിന്ദുത്വ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഭാരതത്തില്‍ മതപീഡനം രൂക്ഷമാകുകയാണെന്ന റിപ്പോര്‍ട്ട് വിവിധ അന്താരാഷ്ട്ര സംഘടനകള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇതിനെ ശരിവച്ചുകൊണ്ടാണ് തീവ്ര ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും മതതീവ്രവാദ സംഘടനകളാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി സിഐഎ അടുത്തിടെ രേഖപ്പെടുത്തിയത്.