News - 2025
പതിനഞ്ചാം വയസ്സില്‍ മരണമടഞ്ഞ ദിവ്യകാരുണ്യ ഭക്തന്‍ ധന്യ പദവിയില്‍
സ്വന്തം ലേഖകന്‍ 06-07-2018 - Friday
വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ ഈശോയോടുള്ള അഗാധമായ ഭക്തിയില്‍ ജീവിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിനെ ധന്യപദവിയിലേക്ക് ഉയര്‍ത്തി. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലുക്കീമിയ ബാധിച്ച് മരണമടഞ്ഞ കാര്‍ളോ അക്യൂറ്റീസിനെ ഇന്നലെ ജൂലൈ 5 വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പയാണ് ധന്യനായി പ്രഖ്യാപിച്ചത്. ഇതോടെ അക്യൂട്ടിസിന്റെ വിശുദ്ധീകരണ പാതയിലെ രണ്ടാംഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്. കമ്പ്യൂട്ടര്‍ പ്രതിഭയായിരുന്ന അക്യൂറ്റീസ് ദിവ്യകാരുണ്യത്തോടു അഗാധമായ സ്നേഹവും ഭക്തിയും കാത്തുസൂക്ഷിച്ചിരിന്നു. കംപ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനിയറിംഗ് ബിരുദം നേടിയ വ്യക്തിയ്ക്ക് സമാനമായ അറിവുണ്ടായിരുന്ന കാര്‍ളോ, ആ അറിവിനെ ദിവ്യകാരുണ്യ ഈശോയുടെ പ്രചരണത്തിനായി ഉപയോഗിച്ചു.
ലോകത്തെ എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളേയും ഒരുമിച്ച് ചേര്‍ക്കുന്ന തരത്തിലുള്ള വിര്‍ച്വല്‍ ലൈബ്രറിയുടെ നിര്‍മ്മാണം 11 വയസ്സിലാണ് അവന്‍ ആരംഭിച്ചത്. നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളില്‍ സംഭവിച്ചതും സഭയുടെ അംഗീകാരം ലഭിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിവരങ്ങള്‍ കാര്‍ളോയുടെ വിര്‍ച്വല്‍ ലൈബ്രറിക്കായി ശേഖരിച്ചു. രണ്ടു വര്‍ഷം സമയമെടുത്താണ് നൂതനരീതിയില്‍ ഏവരെയും ആകര്‍ഷിക്കുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിര്‍ച്വല്‍ ലൈബ്രറി കാര്‍ളോ അക്യൂറ്റീസ് നിര്‍മ്മിച്ചത്. അഞ്ചു ഭൂഖണ്ഡങ്ങളില്‍ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം നടത്തപ്പെട്ടു. അനേകരെ ദിവ്യകാരുണ്യ ഭക്തിയിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് കാര്‍ളോ വിടവാങ്ങിയത്.
കാര്‍ളോ അക്യൂറ്റീസിന് പുറമേ, 1940-ല്‍ മരണമടഞ്ഞ പീട്രോ ഡി വിറ്റാലെ എന്ന സെമിനാരി വിദ്യാര്‍ത്ഥിയുടേയും, 1985 ഡിസംബര്‍ 5-ന് മരണമടഞ്ഞ അലെക്സിയാ ഗോണ്‍സാലെസ്-ബാറോസ് എന്ന പതിമൂന്ന്കാരിയുടേയും ജീവിതങ്ങള്‍ പുണ്യം നിറഞ്ഞ ജീവിതമായിരുന്നുവെന്ന്‍ അംഗീകരിച്ചു മാര്‍പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇരുപത്തിനാലാമത്തെ വയസ്സില്‍ മരണത്തെ പുല്‍കുമ്പോള്‍ “യേശു ക്രിസ്തുവും, പരിശുദ്ധ കന്യകാമാതാവും നീണാള്‍ വാഴട്ടെ” എന്നാണ് പീട്രോ ഡി വിറ്റാലെ തന്റെ അമ്മയോട് പറഞ്ഞത്. റോമില്‍ വെച്ച് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തുകയും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ അഭിവാദ്യം ചെയ്യുകയും ചെയ്തിട്ടുള്ള അലെക്സിയായും തന്റെ മരണത്തെ ധൈര്യപൂര്‍വ്വം തന്നെയാണ് നേരിട്ടത്.