News - 2025
ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങൾ തടയണം: അള്‍ജീരിയയോട് യുഎൻ മനുഷ്യാവകാശ കമ്മീഷന്‍
സ്വന്തം ലേഖകന്‍ 03-08-2018 - Friday
അൽജിയേഴ്സ്: വടക്കൻ ആഫ്രിക്കൻ രാജ്യമായ അള്‍ജീരിയയില്‍ ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കുണമെന്നു ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു. രാജ്യത്തു മതസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി മുസ്ലീം ഭൂരിപക്ഷരാജ്യമായ അള്‍ജീരിയയില്‍ ക്രിസ്തീയ ദേവാലയങ്ങളും മതസ്ഥാപനങ്ങളും അടച്ചു പൂട്ടിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍. മതഭേദം കൂടാതെ പൗരന്മാർക്ക് തുല്യമായ അവകാശം നല്കണമെന്നും ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങൾക്കു നേരെ നടക്കുന്ന വിവേചനപരമായ നീക്കം തടയണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. അള്‍ജീരിയയിൽ, ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും, ഭരണഘടനയുടെ മുഖവുരയില്‍ തന്നെ ഇസ്ലാമിനെ രാഷ്ട്രത്തിന്റെ മതമായി ഉയര്‍ത്തിക്കാട്ടുകയാണ്.
സ്വന്തം മതവിശ്വാസം ത്യജിക്കുക എന്നത് അള്‍ജീരിയയില്‍ കുറ്റമല്ലെങ്കിലും, ഇസ്ലാമില്‍ നിന്ന്‍ മതപരിവര്‍ത്തനം ചെയ്യുന്നത് കുറ്റകരമാണ്. നേരത്തെ ആറ് ദേവാലയങ്ങൾ അടയ്ക്കാൻ ഗവൺമെന്റ് നിർദ്ദേശം നൽകിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്നു പിന്നീട് മൂന്നെണം തുറന്നു നല്കി. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും, മറ്റ് വസ്തുക്കളും കൈവശം വെക്കുന്നതിനുള്ള അനുവാദം വരെ രാജ്യത്തു നിരസിക്കുകയാണെന്നു ഏഷ്യന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.