News - 2025

പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തില്‍ അമേരിക്ക മുന്നില്‍

സ്വന്തം ലേഖകന്‍ 01-08-2018 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: ആഗോള തലത്തില്‍ മറ്റേതൊരു സമ്പന്ന രാജ്യങ്ങളേക്കാളും പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തില്‍ അമേരിക്കന്‍ ജനത മുന്നിലെന്ന് പുതിയ പഠനഫലം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രശസ്ത ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സമ്പന്ന രാഷ്ട്രങ്ങളില്‍ അമേരിക്കയില്‍ മാത്രമാണ് പ്രാര്‍ത്ഥനയുടേയും, സമ്പത്തിന്റേയും തോത് ശരാശരിക്കും മുകളില്‍ നില്‍ക്കുന്നതെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയില്‍ നിന്നും വ്യക്തമായി. നൂറ്റിരണ്ട് രാജ്യങ്ങളിലായാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ പഠനം നടത്തിയത്.

യൂറോപ്യന്‍ ജനതയേക്കാള്‍ അധികമായി അമേരിക്കന്‍ ജനത പ്രാര്‍ത്ഥനയില്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്നും, ആഴ്ചയിലൊരു പ്രാവശ്യമെങ്കിലും ആത്മീയകര്‍മ്മങ്ങളില്‍ സംബന്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മുപ്പതിനായിരം ഡോളറില്‍ കൂടുതല്‍ വരുമാനമുള്ളവരില്‍ 40 ശതമാനം അമേരിക്കക്കാരും പറഞ്ഞത് തങ്ങള്‍ ദിവസവും പ്രാര്‍ത്ഥിക്കാറുണ്ടെന്നാണ്. മൊത്ത കണക്കില്‍ അമേരിക്കയിലെ 55 ശതമാനത്തോളം ആളുകളും ദിവസവും പ്രാര്‍ത്ഥിക്കുന്നവരാണ്. കാനഡയില്‍ 25 ശതമാനവും, ഓസ്ട്രേലിയായില്‍ 18 ശതമാനവും ബ്രിട്ടനില്‍ 6 ശതമാനവുമാണ് ദിവസവും പ്രാര്‍ത്ഥിക്കുന്നവര്‍. യൂറോപ്പിലെ മൊത്തം കണക്ക് നോക്കുമ്പോള്‍ ഇത് 22 ശതമാനമാണ്.

അതേസമയം ദരിദ്ര രാജ്യങ്ങളും, വികസ്വര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയുടെ സ്ഥാനം മധ്യഭാഗത്താണ്. സൗത്താഫ്രിക്കയില്‍ 52 ശതമാനം പേര്‍ ദിവസവും പ്രാര്‍ത്ഥിക്കുമ്പോള്‍ ബംഗ്ലാദേശില്‍ 57 ശതമാനവും, ബൊളീവിയയിലെ 56 ശതമാനവും ദിവസവും പ്രാര്‍ത്ഥിക്കുന്നവരാണ്. ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കയില്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിന്നു.


Related Articles »